പന്തീരാങ്കാവ്:
17 മെയ് 2024
പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ് പ്രതി രാഹുലിനും സസ്പൻഷനിലായ എസ് എച്ച് ഒ സരിനും പന്തീരാങ്കാവ് പൊലീസിനും ഐക്യദാർഡ്യവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ രംഗത്ത്. പന്തീരങ്കാവിലെത്തിയ അസോസിയേഷൻ പ്രവർത്തകർ
ബൈപ്പാസിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ രാഹുലിനും ഇൻസ്പെക്ടർക്കും ഐക്യദാർഡ്യം പ്രകടിപ്പിച്ച് പോസ്റ്ററുകൾ പതിച്ചു.
"പെണ്ണിൻ്റെ വ്യാജ പരാതിയിൽ അറസ്റ്റിന് നിന്നു കൊടുക്കാതെ രാജ്യം വിട്ട രാഹുലിൻ്റെ നടപടിയിൽ അഭിമാനിക്കുന്നു", രാഹുലിനെ കള്ള കേസുകളിൽ വേട്ടയാടുന്നത് അവസാനിപ്പിക്കുക", "ഓർക്കുക - നിങ്ങൾക്കുമുണ്ട് അച്ഛനും ആങ്ങളമാരും ആൺമക്കളും" തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്.
എ.കെ.എം.എ. സംസ്ഥാന പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാറക്കമുള്ള പ്രവർത്തകരാണ് പന്തീരാങ്കാവിൽ എത്തിയത്.
പെൺകുട്ടിയുടെ ആദ്യ മൊഴിയനുസസരിച്ച് നിലവിലെ നിയമം അനുശാസിക്കുന്ന കൃത്യമായ നടപടിക്രമമാണ് ഇൻസ്പെക്ടർ സരിൻ സ്വീകരിച്ചതെന്നും കേരള പോലീസിലെ പൊൻ തൂവലാണ് അദ്ദേഹമെന്നും അസോസിയേഷൻ പ്രസിഡണ്ട് പറഞ്ഞു. അറസ്റ്റിന് നിന്നു കൊടുക്കാതെ രാജ്യം വിട്ട രാഹുലിൻ്റെ നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് ശനിയാഴ്ച രാഹുലിൻ്റെ വീടിന് സമീപം പന്നിയൂർക്കുളത്ത് പടക്കം പൊട്ടിച്ച് ആഹ്ലാദിക്കുമെന്നും പ്രവർത്തകർ പറഞ്ഞു.
കെട്ടിച്ചമച്ച സ്ത്രീധന കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമവും ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്ത നടപടിയും പ്രതിഷേധാർഹവും നീതിനിഷേധവുമാണെന്നും അജിത് കുമാർ ആരോപിച്ചു.