പതങ്കയം
04 ആഗസ്റ്റ് 2025
തിരുവമ്പാടി ആനക്കാംപൊയിലിന് സമീപം പതങ്കയത്ത് ഇരുവഞ്ഞി
പുഴയിൽ കുളിക്കാൻ ഇറങ്ങി കാണാതായ പ്ലസ് ടു വിദ്യാർത്ഥിക്കായുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെ സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ പുഴയിൽ ഇറങ്ങിയ മലപ്പുറം മഞ്ചേരി കച്ചേരിപ്പടി സ്വദേശിയായ അലൻ (16) നെയാണ് കാണാതായത്.
സുഹൃത്തുക്കളായ അഞ്ച് പേർക്കൊപ്പം
പതങ്കയത്തെ കാഴ്ച ആസ്വദിക്കാൻ എത്തിയ അലൻ പുഴയിൽ കുളിക്കവേ ഒഴുക്കിൽ പെടുകയായിരുന്നു.
പുഴയിലേക്ക് പോകുന്ന സമയത്ത് തന്നെ പ്രദേശവാസികൾ സംഘത്തിന് സുരക്ഷാ
മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ അത് ചെവി കൊള്ളാതെ സംഘം പുഴയിൽ കുളിക്കാൻ
ഇറങ്ങുകയായിരുന്നു എന്ന്
പ്രദേശവാസികൾ പറഞ്ഞു.
നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും അലനെ കണ്ടെത്താൻ സാധിച്ചില്ല.
തുടർന്ന് സ്ഥലത്തെത്തിയ മുക്കം ഫയർ യൂണിറ്റ് സ്കൂബ ഡൈവേഴ്സ് ഉൾപ്പെടെയുള്ളവർ
പതങ്കയം വെള്ളച്ചാട്ടത്തിൽ നടത്തിയ തിരച്ചിൽ 6 മണി വരെ നീണ്ടു. മഴ ശക്തമാവുകയും കുത്തൊഴുക്ക് വർദ്ധിക്കുകയും ഇരുൾ പരക്കുകയും ചെയ്തതോടെ തിരച്ചിൽ നിർത്തിവെക്കുകയായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി
വലിയ തോതിലുള്ള കുത്തൊഴുക്കാണ്
ഇരുവഞ്ഞിപ്പുഴയുടെ
ഉൽഭവസ്ഥാനത്തിനോട് ചേർന്നുള്ള ആനക്കാംപൊയിലിലും പതങ്കയത്തും അനുഭവപ്പെടുന്നത്. പാറക്കെട്ടുകൾ ഏറെയുള്ള പതങ്കയം ഭാഗത്ത് രക്ഷാപ്രവർത്തനവും ഏറെ ദുഷ്കരമാണ്.