പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

അഭിനന്ദനമറിയിച്ച് മന്ത്രിയുടെ ഫോൺ വിളി...

അഭിനന്ദനമറിയിച്ച് മന്ത്രിയുടെ ഫോൺ വിളി...

കോഴിക്കോട്

2 ഡിസംബർ 2021

അതിക്രമം നടത്താൻ ശ്രമിച്ച യുവാവിനെ കീഴടക്കി പൊലീസില്‍ ഏല്‍പ്പിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വീഡിയോ കോളിലാണ് അദ്ദേഹം പെണ്‍കുട്ടിയെ അഭിനന്ദനം അറിയിച്ചത്. ലക്ഷ്മി പെണ്‍കരുത്തിന്റെ മാതൃകയാണെന്ന് ശിവന്‍കുട്ടി ഫെസ്ബുക്കിലും കുറിച്ചു.  മറ്റേതൊരു കായിക ഇനവും പോലെ തന്നെ പെണ്‍കുട്ടികള്‍ മാര്‍ഷ്യല്‍ ആര്‍ട്‌സും പഠിക്കുന്നത് നല്ലതാണെന്നും അദ്ദേഹം ഫെസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് റഹ്‌മാനിയ സ്‌കൂളില്‍ പഠിക്കുന്ന ലക്ഷ്മിയെ പാളയം സ്വദേശിയും മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനുമായ ബിജു എന്നയാള്‍ റോഡില്‍ വച്ച് കയറിപ്പിടിക്കാന്‍ ശ്രമിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഇതിന് പിന്നാലെ ഇയാള്‍ മറ്റൊരു വിദ്യാര്‍ത്ഥിനിയെയും ആക്രമിക്കാന്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ലക്ഷ്മി പുറകേ ഓടിയെത്തി ഷര്‍ട്ടില്‍ പിടിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. കരാട്ടെ പരിശീലിച്ചിട്ടുള്ള ലക്ഷ്മി ഇയാളുടെ കൈയും കഴുത്തും ചേര്‍ത്ത് പിടിച്ചുവച്ചു. തുടര്‍ന്ന് നാട്ടുകാരും ഓടിയെത്തി ഇയാളെ പിടികൂടി തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

മന്ത്രിയുടെ പോസ്റ്റ്:

"കോഴിക്കോട് നഗരമധ്യത്തിൽ പെൺകുട്ടികളെ ശല്യപ്പെടുത്തിയ യുവാവിനെ കീഴടക്കിയ പ്ലസ് വൺ വിദ്യാർഥിനി ലക്ഷ്മി സജിത്ത് പെൺകരുത്തിന്റെ മികച്ച മാതൃകയാണ്. ഉപദ്രവം ലക്ഷ്യമിട്ടു വന്ന അക്രമിയെ കീഴ്പ്പെടുത്താൻ ലക്ഷ്മിയെ സഹായിച്ചത് മാർഷ്യൽ ആർട്സ് പരിശീലനം കൂടി ആണെന്ന് മനസ്സിലാക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ പകച്ചു നിൽക്കുകയല്ല വേണ്ടത് ധീരമായി പ്രതിരോധിക്കുകയാണ് വേണ്ടത് എന്ന് ലക്ഷ്മി ഓർമ്മപ്പെടുത്തുന്നു.

കോഴിക്കോട് നഗരത്തിലെ റഹ്മാനിയ സ്കൂളിലാണ് ലക്ഷ്മി പഠിക്കുന്നത്. ലക്ഷ്മിയെ വീഡിയോ കോളിൽ വിളിച്ചു. ക്ലാസ് മുറിയിലിരുന്ന് ലക്ഷ്മി എന്നെയും പാർവ്വതിയേയും അഭിവാദ്യം ചെയ്തു. ലക്ഷ്മിയുമായും പ്രിൻസിപ്പൽ ബഷീറുമായും സംസാരിച്ചു. ലക്ഷ്മിയെ അഭിനന്ദിക്കുന്നതിന് ക്ലാസ് റൂമും കുട്ടികളും സാക്ഷിയായി. കോഴിക്കോട് എത്തുമ്പോൾ റഹ്മാനിയ സ്കൂളിലെത്തി ലക്ഷ്മിയെ കാണാമെന്നും അറിയിച്ചു.
മറ്റേതൊരു കായികയിനവും എന്നതുപോലെപെൺകുട്ടികൾ മാർഷ്യൽ ആർട്സും പഠിക്കുന്നത് നന്നാകും. ആരോഗ്യ സംരക്ഷണത്തോടൊപ്പം സ്വയം പ്രതിരോധവും മാർഷ്യൽ ആർട്സിലൂടെ കൈവരിക്കാനാകും. ലക്ഷ്മിക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.

#VSivankutty
#LekshmiSajith
#RahmaniaSchool

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now