പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

അരങ്ങൊഴിഞ്ഞ് ആൽമരം....

അരങ്ങൊഴിഞ്ഞ് ആൽമരം....
പന്തീരാങ്കാവ്: 
10 ജനുവരി 2021
കൊടൽ നടക്കാവിലെ കഥയാലിന് അകാലമൃത്യു. തണലും ശുദ്ധ വായുവും നൽകി ഒട്ടേറെ പേരുടെ കൂടിച്ചേരലിന്  അരങ്ങ് ഒരുക്കിയ ആൽമരമാണ് ബൈപ്പാസ്   നവീകരണത്തിൻ്റെ ഭാഗമായി മുറിച്ചു നീക്കിയത്. 
കൊടൽ നടക്കാവിൽ ഉണ്ടായിരുന്ന നൂറിലേറെ വർഷം പഴക്കമുള്ള ആൽമരം കടപുഴകി വീണതോടെയാണ് അല്പം മാറി 23 വർഷം മുമ്പ് കോൺഗ്രസ് പ്രവർത്തകർ ഈ ആൽ നട്ടത്. നല്ല പരിചരണം ലഭിച്ച് നാലഞ്ചു വർഷം കൊണ്ട് ആൽ വളർന്നതോടെ കോൺഗ്രസ് നേതാവായിരുന്ന മഠത്തിൽ ശങ്കുണ്ണിണിക്കുട്ടി നായരുടെ ഓർമ്മയ്ക്കായി ആൽത്തറയും ഒരുക്കി.
പിന്നീട് പ്രായഭേദമന്യേ നിരവധി ആളുകളാണ് ഈ ആൽത്തറയിൽ എത്തിയത്. ഇളം കാറ്റും സമൃദ്ധമായ ശുദ്ധവായുവും ലഭിക്കുന്ന ഇവിടം പ്രദേശത്തുകാരുടെ കൂടിച്ചേരലിനുള്ള ഇഷ്ടസ്ഥലമായി മാറുകയും ചെയ്തു.

വൈകുന്നേരങ്ങളിൽ പ്രദേശത്തെ മുതിർന്ന പൗർന്മാർ ഇവിടെയാണ് ഒത്തുചേർന്നിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ ആൽത്തറ ശൂന്യമായി. സമീപകാലത്ത് വീണ്ടും സജീവമായിത്തുടങ്ങവെയാണ് മരത്തിൻ്റെ മരണമണി മുഴങ്ങിയത്. പ്രദേശത്തുകാരും അല്ലാത്തവരും ആൽത്തറയിലിരുന്ന്  പറഞ്ഞ ജീവിതസമര കഥകൾക്ക് മൂകസാക്ഷിയായിരുന്ന "കഥയാൽ " മരമാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ മുറിച്ച് മാറ്റിയത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now