കോഴിക്കോട്
06 ജനുവരി 2022:
കോവിഡ്, ഒമിക്രോൺ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഒത്തുചേരലിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ഇന്നലെ മാത്രം 49 ഒമി ക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ വന്നു കഴിഞ്ഞു. പുതിയ നിർദ്ദേശപ്രകാരം അടച്ചിട്ട ഹാളുകളിൽ 75 പേർക്കും തുറന്ന സ്ഥലങ്ങളിൽ പരമാവധി 150 പേർക്കുമേ പങ്കെടുക്കാനാവൂ. മുഖ്യമന്ത്രിയുടെ നേത്യത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് പുതിയ തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വരാനും സാധ്യതയുണ്ട്.
വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് പരിശോധന ശക്തമാക്കാനും ക്വാറൻറയിൻ കർശനമാക്കാനും ഉള്ള നടപടികളും ആരോഗ്യ വകുപ്പ് തുടങ്ങിക്കഴിഞ്ഞു. ഹൈ റിസ്ക് ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്നെത്തിയവർക്കും സമ്പർക്കത്തിലായവർക്കും ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. അതി രൂക്ഷമായ വ്യാപനം മുന്നിൽ കണ്ട് ച്ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനായി കൂടുതൽ ആശുപത്രികൾ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിക്കഴിഞ്ഞു.
ഒമിക് റോൺ വർദ്ധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണ് കർഫ്യൂ. തമിഴ്നാടും കർണാടകവും സംസ്ഥാന അതിർത്തികളിലും പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ ഞായറാഴ്ച ലോക് ഡൗണിനും നിർദ്ദേശം. ചെന്നൈ നഗരത്തിലാണ് അതിരൂക്ഷമായി കോവിഡ് വ്യാപിക്കുന്നത്.