1 മെയ് 2022
കോഴിക്കോട് ജില്ലാ റവന്യൂ ജീവനക്കാരുടെ ഒരാഴ്ചയായി നീണ്ട് നിന്ന കലാ-കായിക മത്സരങ്ങൾക്ക് സമാപനമായി.ഏപ്രിൽ 22 ന് വിളംബര ഘോഷയാത്രയോടെയാണ് ജില്ലാ കലോത്സവത്തിന് തുടക്കമായത്. കളക്ടർമാരും ജീവനക്കാരും തകർത്താടിയ നിരവധി മത്സരങ്ങളാണ് കോഴിക്കോട്ടെ രണ്ട് വേദികളിലായി അരങ്ങേറിയത്. ജോലിത്തിരക്കിൽ നിന്നൊഴിഞ്ഞ് കനത്ത വേനലിനെ അവഗണിച്ച് പാട്ടും ആട്ടവുമായി അവർ അരങ്ങ് തകർത്തു.
സിനിമാറ്റിക് ഡാൻസ്, മൈം, നാടൻപാട്ട്, ഏകാങ്കനാടകം എന്നിവ സമാപന ദിനത്തിൽ അരങ്ങേറി.
തീരുവാതിര കളിയിലും ശാസ്ത്രീയ സംഗീതത്തിലും ഒപ്പനയിലുമൊക്കെ സബ് കലക്ടർമാർ മാറ്റുരച്ചത് മത്സരങ്ങൾക്ക് കൊഴുപ്പേകി.
കോഴിക്കോട് താലൂക്ക് റവന്യൂ ഇൻസ്പക്ടർ പ്രസന്നകുമാരിയും സംഘവും നാടൻപാട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കലക്ട്രേറ്റിലെ രമ്യയും സംഘവും സിനിമാറ്റിക് ഡാൻസിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ പി രജിലേഷും സംഘവും അവതരിപ്പിച്ച മൈം ഒന്നാമതെത്തി. സമാപന സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉത്ഘാടനം ചെയ്തു. മന്ത്രി അഹമ്മദ് ദേവർ കോവിൽ അദ്യക്ഷനായ ചടങ്ങിൽ നടൻ നിർമ്മൽ പാലാഴി മുഖ്യാതിഥിയായി. മത്സര വിജയികൾക്ക് ചടങ്ങിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. സബ് കലക്ടർ വി ചെൽസാ സിനി, എഡിഎം മുഹമ്മദ് റഫീഖ് തുടങ്ങിയവർ സംസാരിച്ചു. ഈ മാസം അവസാനം തൃശ്ശൂരിലാണ് സംസ്ഥാന കലോത്സവം നടക്കുക.