പന്തീരാങ്കാവ്:
10 മെയ് 2022
ഉല്ലാസയാത്രക്കായി വീട്ടിൽ നിന്നും ഭർത്താവിനും കുഞ്ഞിനുമൊപ്പം യാത്ര തിരിച്ച 22 കാരിയെ ഭർത്താവ് കൊലപ്പെടുത്തി. ഒളവണ്ണ കൊടിനാട്ട് മുക്ക് നിദ ഷെറിനാണ് സ്വന്തം ഭർത്താവ് സിദ്ധിഖിൻ്റെ കൈകളിൽ പിടഞ്ഞ് മരിച്ചത്. വയനാട് പനമരത്തുള്ള ബന്ധുവീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. 8.5.2022 ന് ഞായറാഴ്ച മൈസൂരിലേക്ക് യാത്ര പോകുന്നു എന്ന് പറഞ്ഞാണ് നിദ ഷെറിനും ഏകമകനും ഭർത്താവിനൊപ്പം യാത്ര തിരിച്ചത്. യാത്രാമധ്യേ ബന്ധുവായ വയനാട് പനമരം കുണ്ടാലയിൽ അബ്ദുൾ റഷീദിൻ്റെ വീട്ടിൽ തങ്ങുകയായിരുന്നു. റഷീദ് തൻ്റെ വീടിൻ്റെ മുകൾനിലയിലാണ് ഇവർക്ക് താമസ സൗകര്യമൊരുക്കിയത്. എന്നാൽ പുലർച്ചയോടെ പോലിസ് ഇവിടെ എത്തിയപ്പോഴാണ് വീട്ടുകാർ കൊലപാതക വിവരം അറിയുന്നത്. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ സിദ്ധീഖ് തന്നെ നിദയെ കൊലപ്പെടുത്തിയെന്ന് നിദയുടെ മൂത്ത സഹോദരിയുടെ ഭർത്താവിനെ വിളിച്ച് പറയുകയായിരുന്നു. ഇവരറിയിച്ച പ്രകാരമാണ് പൊലീസ് എത്തുന്നത്. കഴുത്ത് ഞെരിച്ച് കൊല ചെയ്തെന്ന് സമ്മതിച്ച സിദ്ധീഖ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
4 വർഷമായി നിദയും സിദ്ധിഖും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട്. 2 വയസുകാരനായ സയാൻ ഏകമകനാണ്. നിദ സമീപകാലത്തായി സ്വകാര്യ തുണിക്കടയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. സിദ്ധിഖ് വർക്ക് ഷാപ്പ് നടത്തുകയാണ്.
കൊടിനാട്ട് മുക്ക് കൈവളപ്പിൽ നജാ മൻസിലിൽ പി.പി. റഫീഖിൻ്റെയും ബുഷ റയുടെയും അഞ്ച് പെൺമക്കളിൽ രണ്ടാമത്തെ കുട്ടിയാണ് കൊല്ലപ്പെട്ട 22 കാരിയായ നിദ ഷെറിൻ. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും പോസ്റ്റുമോർട്ടം കഴിഞ്ഞ്
നിദ ഷെറിൻ്റെ മൃതദേഹം തിങ്കളാഴ്ച രാത്രി 7.30 ഓടെ കൊടിനാട്ടുമുക്കിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ ഒരു ഗ്രാമം മുഴുവൻ വിതുമ്പി.