കോഴിക്കോട്
11 ജൂൺ 2022
നഗരത്തിലെ കോട്ടൂളി നോബിൾ പെട്രോൾ പമ്പിൽ വ്യാഴാഴ്ച പുലർച്ചെ1.40 ന് കവർച്ച നടത്തിയവൻ പൊലീസ് പിടിയിൽ. മലപ്പുറം എടപ്പാൾ കാലടി സ്വദേശി മുള്ളമടക്കൽ സാദിഖ് (22 വയസ്സ്) നെയാണ് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മീഷണർ കെ.സുദർശനും കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും (കാവൽ) ചേർന്ന് പിടികൂടിയത്.
മാവൂർ റോഡിൽ കോട്ടൂളിയിലെ നോബിൾ പെട്രോൾപമ്പിലെ മുൻ ജീവനക്കാരനായിരുന്ന സാദിഖ് മൂന്ന് ആഴ്ചകൾക്ക് മുമ്പാണ് മാത്രമാണ് ഇവിടുത്തെ ജോലി മതിയാക്കി പോയത്.
കവർച്ചാ ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞെങ്കിലും മുഖംമൂടിയണിഞ്ഞതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
പെട്രോൾ പമ്പിലെ മറ്റ് ക്യാമറകളിലൊന്നും പെടാതെയാണ് പ്രതി എത്തിയതും കവർച്ച നടത്തിയതും.
പെട്രോൾ പമ്പിലെ ജീവനക്കാരിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലും മുൻപ് ജോലി ചെയ്തവരെ കുറിച്ചുള്ള അന്വേഷണത്തിലുമാണ് സാദിഖിലേക്ക് അന്വേഷണം എത്തിയത്. തുടർന്ന് നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിൽ ഇയാൾ വാടകക്ക് താമസിക്കുന്ന മെൻസ് ഹോസ്റ്റലിൽ നിന്നും പിടികൂടുകയുമായിരുന്നു.
കോഴിക്കോട് സിറ്റി പോലീസ് മേധാവി ഇൻ ചാർജ്ജ് ആമോസ് മാമൻ ഐ പി എസിൻ്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക്ക് സെൽ എസിപി എജെ ജോൺസൻ്റെ കീഴിൽ കുറ്റാന്വേഷണത്തിൽ മികവു തെളിയിച്ചവരെ ഉൾപ്പെടുത്തി നടത്തിയ പഴുതടച്ച അന്വേഷണമാണ് നടന്നത്.
സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അംഗങ്ങളായ സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻ ദാസ്,ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുനോജ് കാരയിൽ, അർജ്ജുൻ അജിത്ത്, സുമേഷ് ആറോളി, മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലു, സബ്ബ് ഇൻസ്പെക്ടർ അബദുൾ റസാഖ്, സിപിഒ വിനോദ് രാമിനാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടി കൂടിയത്.