പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മാധ്യമപ്രവർത്തകർക്ക് ലഹരി മാഫിയയുടെ ഭീഷണി..

മാധ്യമപ്രവർത്തകർക്ക് ലഹരി മാഫിയയുടെ ഭീഷണി..
കുന്ദമംഗലം
20 ജൂൺ 2022

ലഹരി മാഫിയാ സംഘത്തിന്റെ അക്രമം സംബന്ധിച്ച വാര്‍ത്ത നല്‍കിയതിന് കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ അംഗവും ജനശബ്ദം, കുന്ദമംഗലം ന്യൂസ് ചീഫ് എഡിറ്ററുമായ സിബ്ഗതുള്ളക്ക്  ലഹരിമാഫിയാ സംഘം ഭീഷണി.  സംഭവത്തില്‍  കേരള പത്രപ്രവർത്തക അസ്സോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.  ലഹരിമാഫിയാ സംഘങ്ങളെ നിലക്കു നിര്‍ത്താന്‍ അധികൃതര്‍ അടിയന്തിര നടപടികൾ എടുക്കാൻ തയ്യാറാവണമെന്നാവശ്യപ്പെട്ട യോഗം ഇവരുടെ കെണിയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അകപ്പെടുന്നതിനെതിരെ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഓർമിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ബിജു കക്കയം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്നൂര്‍, ട്രഷറര്‍ ദാസ് വട്ടോളി, ശരീഫ് കിനാലൂര്‍, സി കെ ബാല കൃഷ്ണന്‍, അഷ്‌റഫ് നാദാപുരം, സി കെ ആനന്ദന്‍, ഹാഷിം വടകര, എൻ.പ്രശാന്ത്, പി സി രാജേഷ്, സൈനുല്‍ ആബിദ് പുല്ലാളൂര്‍ എന്നിവര്‍ സംസാരിച്ചു.    

ബുധനാഴ്ച രാത്രി  പിതാവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന ഷാഫി വെണ്ണക്കാട് തൂക്കുപാലത്തിന് സമീപം ലഹരി ഉപയോഗിക്കുകയായിരുന്ന യുവാക്കളെ ലഹരി ഉപയോഗിക്കുന്നത് വിലക്കുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് അവരെ പറഞ്ഞു വിടുകയും ചെയ്തു. രാത്രി 8.30യോടെ ആരാമ്പ്രം അങ്ങാടിയിലേക്ക് മരുന്നു വാങ്ങാന്‍ പോയ ഷാഫിയെ ബൈക്കുകളില്‍ എത്തിയ ഏഴ് പേര്‍ ബൈക്കിന്റെ ചാവി കൊണ്ട് ആക്രമിക്കുകയായിരുന്നു. നെറ്റിയിലും കണ്ണിനും പരിക്കേറ്റ ഇദ്ദേഹത്തെ കിംസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഷാഫിയുടെ പരാതിയിൽ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു. ഇത്  സംബന്ധിച്ച്  കഴിഞ്ഞ ദിവസം ജനശബ്ദവും കുന്ദമംഗലം ന്യുസും വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് തുടർച്ചയായി രണ്ട് തവണ പ്രതികളുടെ ഭാഗത്ത് നിന്നും ന്യുസ് പോർട്ടലുകളുടെ ചീഫ് എഡിറ്റർമാരെ ഫോണിലേക്ക് ഭീഷണി ലഭിച്ചതിനെ തുടർന്ന് കുന്ദമംഗലം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കുന്ദമംഗലം സബ് ഇൻസ്‌പെക്ടർ അഷറഫ് വേണ്ട കർശന നടപടി കൈക്കൊള്ളുമെന്ന്  അറിയിച്ചു. 


നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now