മെഡിക്കൽ കോളജ്
O7 ജൂൺ 2022
രാത്രി 8 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് വഴി ബസുകളില്ല. മുമ്പ് 10 മണി വരെയും ട്രിപ്പുകൾ എടുത്തിരുന്ന ബസ്സുകൾ എവിടെ എന്ന ചോദ്യത്തിനാണ് ഉത്തരം കിട്ടേണ്ടത്.
മലബാറിലെ ആറ് ജില്ലകളിൽ നിന്നുള്ള നിർധനരും നിലാരംബരുമായ രോഗികളും അവരെ സഹായിക്കാനും സന്ദർശിക്കാനുമെത്തുന്ന ആശ്രിതരുമാണ് പ്രധാനമായും രാത്രിയാത്രാ ദുരിതമനുഭവിക്കുന്നത്. രാത്രി 8 മണി കഴിഞ്ഞാൽ ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
കോഴിക്കോട് - മെഡിക്കൽ കോളജ് വഴി സിറ്റി ബസ് സർവ്വീസുകളായും മാവൂർ, മുക്കം, പെരുമണ്ണ, പന്തീരാങ്കാവ് രാമനാട്ടുകര ഭാഗങ്ങളിലേക്കുമായി 300 ൽ പരം ബസ്സുകൾ 1347 ട്രിപ്പുകൾ നഗരത്തിലേക്കും തിരിച്ചും സർവ്വീസ് നടത്തുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പിന്റെ രേഖകളിൽ വ്യക്തമാണ്. ബസ്സുകൾക്ക് പെർമിറ്റും സമയ ക്രമീകരണ ലിസ്റ്റും റീജ്യണൽ ട്രാൻസ്പോർട്ട് അതോറിറ്റി അനുവദിച്ചിട്ടുണ്ടെങ്കിലും രാത്രി എട്ട് മണി കഴിഞ്ഞാൽ നഗരത്തിലേക്കും തിരിച്ചും ബസ്സുകൾ ഇല്ലെന്നുള്ളതാണ് യാത്രാ പ്രതിസന്ധിക്ക് കാരണം. മെഡിക്കൽ കോളജിലുള്ള രോഗിയെ സന്ദർശിച്ച് രാത്രികാലങ്ങളിൽ മലബാറിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ടി വരുന്നവർക്ക് ഓട്ടോറിക്ഷയെ ആശ്രയിച്ച് നഗരത്തിലെത്താൻ 250 ഉം 300 ഉം വരെ തുക നൽകേണ്ടി വരുന്ന അവസ്ഥയാണ്.
പെർമിറ്റുകള സ്വകാര്യ ബസ്സുകൾ രാത്രികാലങ്ങളിൽ ട്രിപ്പ് കട്ടാക്കുന്നത് തടയാൻ ഉദ്യോഗസ്ഥർ നടപടികളെടുക്കണം. അല്ലാത്തപക്ഷം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ പുതിയ ഉത്തരവ് പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചിലവിൽ കെ.എസ്.ആർ.ടി.സിയുടെ ഗ്രാമ വണ്ടി ഷട്ടിൽ സർവ്വീസ് തുടങ്ങണമെന്നും കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള കോഴിക്കോട് ജില്ലാ പ്രസിഡന്റ് സകരിയ്യ പള്ളിക്കണ്ടി ആവശ്യപ്പെട്ടു.