പെരുവയൽ
07 ജൂൺ 2022
സ്വന്തം വീട്ടിൽ മോഷണം നടത്തിയ യുവാവ് പൊലീസ് പിടിയിലായി. കോഴിക്കോട് പെരുവയല്‍ പരിയങ്ങാട് പുനത്തില്‍ സനീഷ് സ്വന്തം വീട്ടില്‍ പ്രൊഫഷണല്‍ സ്റ്റൈലില്‍ നടത്തിയ കവര്‍ച്ചയാണ് പൊലീസിൻ്റെ മികച്ച അന്വേഷണത്തോടെ വെളിച്ചത്തായത്. കള്ളനെ തിരിച്ചറിഞ്ഞപ്പോൾ എല്ലാവരും അമ്പരന്നു.
സ്വന്തം വീട്ടിൽ നിന്ന് ഇരുപതിനായിരം രൂപയാണ് സനീഷ് കവര്‍ന്നത്. വെള്ളിയാഴ്ച പകല്‍ വീട്ടുകാര്‍ പുറത്ത് പോയ സമയത്താണ് യുവാവ് സ്വന്തം വീട്ടിൽ തന്നെ മോഷണത്തിനായി കയറിയത്.
വീടിന്‍റെ പിൻവശത്തെ ഗ്രില്ല് തകര്‍ത്താണ് സനീഷ് അകത്ത് കയറിയത്. കടലാസ് കൈയ്യുറ ധരിച്ചാണ് മോഷണം. അലമാരാകള്‍ തുറന്ന് സാധനങ്ങള്‍ വലിച്ച് പുറത്തിടുകയും വലിയ ഷൂസിന്‍റെ അടയാളം നിലത്ത് പതിപ്പിക്കുകയും ചെയതു. മുളക് പൊടിയും വിതറി. പ്രൊഫഷണല്‍ കള്ളന്‍മാരെ വെല്ലുന്ന തന്ത്രങ്ങളും നടപ്പാക്കിയായിരുന്നു സനീഷിന്‍റെ മോഷണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ചില അസ്വാഭാവികത തോന്നിയ മാവൂര്‍ പൊലീസാണ് സനീഷിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. നേരത്തെ സനീഷ് വീട്ടില്‍ നിന്ന് മുപ്പതിനായിരം രൂപ മോഷ്ടിച്ചിരുന്നു എന്നും
അന്വേഷണത്തിൽ വ്യക്തമായി.ഇത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. മോഷണ മുതലും പൂട്ട് മുറിക്കാന്‍ ഉപയോഗിച്ച ആക്സോബ്ലേഡും പൊലീസ് കണ്ടെടുത്തു. കടംവീട്ടാനാണ് മോഷണം നടത്തിയതെന്ന് സനീഷ് പൊലീസിന് നൽകിയ മൊഴി. കോടതിയില്‍ ഹാജരാക്കിയ സനീഷിനെ റിമാൻഡ് ചെയ്തു.