കോഴിക്കോട്
07 ജൂലൈ 2022
കക്കയം ഡാം ഷട്ടർ ഉയർത്തി. കുറ്റ്യാടി പുഴയിൽ ജലനിരപ്പ് രണ്ടര അടിയോളം ഉയരാൻ സാദ്ധ്യത.
6.00 മണിയോടെ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് 7.30മണിയോടെയാണ് ഡാം ഷട്ടർ 5 സെൻ്റീമീറ്റർ ഉയർത്തിയത്. പുഴ തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്താൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. കക്കയം ജലസംഭരണിയിലെ ജലനിരപ്പ് ഇന്ന് വൈകീട്ട് 6 മണിയോടെ 756.90 മീറ്ററായി ഉയർന്ന സാഹചര്യത്തിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. ജലനിരപ്പ് വളരെ വേഗത്തിൽ ഉയരുന്നതിനാൽ രാത്രിയോടെ ഷട്ടറുകൾ ഉയർത്തുകയായിരുന്നു. ഘട്ടംഘട്ടമായി മൂന്ന് അടി വരെ ഷട്ടർ ഉയർത്തി 150 ഘനമീറ്റർ/ സെക്കന്റ് എന്ന നിരക്കിൽ ജലം ഒഴുക്കിവിടാനാണ് ഉദ്ദേശിക്കുന്നത്. കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.
പുഴയിൽ രണ്ടര അടി വരെ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ജില്ലാ ഭരണകൂടം നിര്‍ദേശം നൽകിക്കഴിഞ്ഞു.