വാഴയൂർ
05 ജൂലൈ 2022
വാഴയൂർ പഞ്ചായത്തിലെ കുറ്റിക്കാട്ടിൽ തോട് പുനരുജ്ജീവിപ്പിക്കണ ആവശ്യം ശക്തമാകുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വാഴയൂർ യൂണിറ്റ് ഇതിനായുള്ള പ്രവർത്തനത്തൾ തുടങ്ങിക്കഴിഞ്ഞു.
പുതുക്കോട് സാമ്പ്രിയയിൽ നിന്ന് തുടങ്ങി അഴിഞ്ഞിലത്തെ കുറ്റിക്കാട്ടിൽ പ്രദേശത്ത് വെച്ച് അറപ്പുഴയിൽ ചേരുന്ന ഏകദേശം മൂന്ന് കി.മീ ദൂരമുള്ളതാണ് കുറ്റിക്കാട്ടിൽ തോട്. പുഴയോട് ചേരുന്ന കുറേ ഭാഗങ്ങളിൽ പത്ത് മീറ്ററോളം വീതിയുള്ള തോടിന് കാടേപ്പാടത്ത് എത്തുമ്പോൾ അര മീറ്ററോളം മാത്രമേ വീതിയുള്ളൂ. അതിൻ്റെ സമീപത്ത് ചില സ്ഥലങ്ങളിൽ തോട് അപ്രത്യക്ഷമാകുകയും ചെയ്തിരിക്കുന്നു.
പല സ്ഥലങ്ങളിലും ഒഴുക്ക് തടസ്സപ്പെട്ട് മാലിന്യങ്ങൾ നിറഞ്ഞ് കയ്യേറ്റങ്ങൾ ഉള്ള നിലയിലുമാണ് തോടിൻ്റെ ഇപ്പോഴത്തെ അവസ്ഥ.
ജലസ്രോതസെന്ന നിലയിലും കൃഷിക്ക് ഉപയുക്തമാക്കാമെന്ന നിലയിലും കുറ്റിക്കാട്ടിൽ തോടിന് വളരെ പ്രാധാന്യമുണ്ട്. വേനൽക്കാലങ്ങളിൽ ജലസേചനത്തിന്നും തീവ്ര മഴക്കാലങ്ങളിൽ പ്രളയ സാഹചര്യങ്ങൾ ഒഴിവാക്കാനും ഈ തോടിൻ്റെ പുനരുജ്ജീവനംകൊണ്ട് സാധ്യമാകും. 'തെളിനീരൊഴുകും നവകേരളം' പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന ഉപരിതല ജലസ്രോതസ്സാണിത്. തോട് പൂർവ സ്ഥിതിയിലാക്കിയാൽ പുതുക്കോട് ഭാഗത്ത് ഏകദേശം 50 ഹെക്ടറോളം സ്ഥലത്ത് കൃഷി ചെയ്യാൻ സാധിക്കുമെന്ന് പ്രദേശത്തെ കർഷകർ പറഞ്ഞു.
കുറ്റിക്കാട്ടിൽ തോടിനെക്കുറിച്ച് പoനം നടത്തി ബന്ധപ്പെട്ട അധികൃതർക്ക് റിപ്പോർട്ട് സമർപ്പിച്ച് തോടിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ശാസ്ത്രസാഹിത്യപരിഷത്ത് വാഴയൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 'തോടിനെയറിയാം' എന്ന പേരിൽ
'ജല നടത്തം' സംഘടിപ്പിച്ചു.
എ ചിത്രാംഗദൻ, കെ സി തുളസീദാസ് എന്നിവർ നേതൃത്വം നൽകിയ സംഘത്തിൽ പി കെ വിനോദ് കുമാർ, സി പി നരസിംഹൻ, പി കൃഷ്ണദാസ്, പി.എസ് ആദർശ് എന്നിവരും പ്രദേശത്തെ കർഷകരും നാട്ടുകാരും പങ്കാളികളായി .
പഠനത്തിൻ്റെ തുടർച്ചയായി പരിഷത്ത് വാഴയൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ബോധവത്ക്കരണം ജലസഭ, ആക്ഷൻ പ്ലാൻ സമർപ്പണം, ശ്രമദാനം മുതലായ പ്രവർത്തനങ്ങളും നടത്തുമെന്നും പ്രവർത്തകർ പറഞ്ഞു.