ന്യൂഡൽഹി
14 മെയ് 2024
എല്‍ടിടിഇയുടെ നിരോധനം തുടരും. അടുത്ത അഞ്ചു വര്‍ഷത്തേക്ക് കൂടിയാണ് കേന്ദ്ര സർക്കാർ എൽടിടിഇ യുടെ നിരോധനം നീട്ടിയത്. ഇന്ത്യാ വിരുദ്ധ പ്രചാരണം എൽ ടി ടി ഇ തുടരുന്നതാണ് നിരോധനം നീട്ടാൻ കാരണമെന്നാണ് ഉത്തരവില്‍ കേന്ദ്രം വിശദീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനും ഭരണഘടനയ്ക്കും എതിരെ തമിഴ് ജനതയ്ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാനും തമിഴ്നാട്ടിലേക്ക് ലഹരി വസ്തുക്കളും ആയുധങ്ങളും കടത്തുന്നതിനും എല്‍ടിടിഇ ശ്രമിക്കുന്നുണ്ട് എന്നും എല്‍ടിടിഇ - ക്ക് തടയിട്ടില്ലെങ്കിൽ രാജ്യസുരക്ഷയ്ക്ക് ഭീഷണി ആണെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
1991ൽ രാജീവ് ഗാന്ധി വധത്തിന് ശേഷം ആണ് എല്‍ടിടിഇയെ നിരോധിച്ചത്. 2009ൽ വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതോടെ എല്‍ടിടിഇ തകർച്ച നേരിട്ടെങ്കിലും കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി സംഘടനയെ പുനരുജ്ജീവിക്കാൻ ശ്രമമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് വിവരം ലഭിച്ചിരുന്നു.