പന്തീരാങ്കാവ്
03 മെയ് 2024
മനുഷ്യ ജീവിതത്തിൻ്റെ ലക്ഷ്യം ലൗകിക ജീവിതമല്ല ഈശ്വരസാക്ഷാത്കാരമാണ് എന്ന തത്വം പഠിപ്പിക്കുന്ന ഭാഗവതകഥയാണ് രുഗ്മിണി സ്വയംവരം എന്ന് പ്രശസ്ത ഭാഗവത ആചാര്യൻ പെരുമൺപുറ മാളിക ഇല്ലം ബ്രഹ്മശ്രീ ഹരിഗോവിന്ദൻ നമ്പൂതിരി ഉപദേശിച്ചു. പന്തീരാങ്കാവ് വിഷ്ണുക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ പ്രഭാഷണത്തിൽ സംസാരിക്കുക
യായിരുന്നു അദ്ദേഹം.
രുഗ്മിണി മനുഷ്യാത്മാവും ശ്രീകൃഷ്ണൻ പരമാത്മാവും ആണ്. മനുഷ്യാത്മാവിന് പരമാത്മാവിൽ ലയിക്കാനാണ് താല്പര്യം. എന്നാൽ രുഗ്മിണിയുടെ അഞ്ച് സഹോദരന്മാരായ രുഗ്മി ഉൾപ്പെടെയുള്ളവർക്ക് സഹോദരിയെ ശിശുപാലന് വിവാഹം ചെയ്തു കൊടുക്കണമെന്ന് നിർബ്ബന്ധം. ഇവിടെ അഞ്ച് സഹോദരന്മാർ പഞ്ചേന്ദ്രിയങ്ങളും ശിശുപാലൻ ലൗകിക ജീവിതവുമാണ്. ലൗകിക ജീവിതത്തിൽ മുഴുകാതെ പരമാത്മാവിൽ ലയിക്കാനാണ് ജീവന് ഇഷ്ടം .അതിൻ്റെ പൂർത്തീകരണമാണ് രുഗ്മിണിസ്വയംവരം എന്നും അദ്ദേഹം വിശദീകരിച്ചു.
ഇത്തരം ഭാഗവത കഥകളുടെ തത്വങ്ങൾ ജീവിതത്തിൽ പകർത്തി ജീവിത ലക്ഷ്യം സഫലമാക്കാൻ ഭക്തരെ യോഗ്യരാക്കുന്നതിനാണ് സപ്താഹമെന്നും ഭാരതത്തിൻ്റെ മഹത്വമാണ് ഇത്തരം ആത്മീയോപദേശങ്ങൾ നല്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പന്തീരാങ്കാവ് വിഷ്ണുക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ഏപ്രിൽ 28 നാണ് ആരംഭിച്ചത്. യജ്ഞത്തിൻ്റെ ഭാഗമായി വിവിധ പൂജാതി കർമ്മങ്ങളും പരിപാടികളും ക്ഷേത്രത്തിൽ നടന്ന് വരികയാണ്.