ഇടുക്കി
21 ജൂൺ 2024
ഇടുക്കിയിലെ കയ്യേറ്റം അവസാനിക്കുന്നില്ല. പ്രധാന വിനോദ സഞ്ചാര മേഖലയായ പരുന്തുംപാറയിൽ സർക്കാർ ഭൂമിയിലാണ് ഇപ്പോൾ വ്യാപകമായി കയ്യേറ്റം നടക്കുന്നത്. സർക്കാറിൻ്റെ 110 ഏക്കറിലധികം ഭൂമി നഷ്ടപ്പെട്ടതായി പരിശോധനയിൽ റവന്യൂ വകുപ്പ് ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടിയില്ലാത്തിനാൽ ഇപ്പോൾ വൻതോതിൽ കയ്യേറ്റം തുടരുകയാണ്.
ഇടുക്കിയിൽ പീരുമേട്, മഞ്ചുമല എന്നീ വില്ലേജുകളിലായി 766 ഏക്കർ ഭൂമിയാണ് റവന്യു വകുപ്പിൻ്റെതായി പരുന്തുംപാറയിൽ ഉണ്ടായിരുന്നത്. ഇതിൽ 494 ഏക്കർ ഭൂമിക്ക് പട്ടയം നൽകിയിരുന്നു. ബാക്കി 272 ഏക്കർ സർക്കാർ ഭൂമിയിൽ നിന്നും 110 ഏക്കർ നഷ്ടപ്പെട്ടെന്ന് മാസങ്ങൾക്ക് മുമ്പ സ്ഥിരീകരിച്ചിട്ടുണ്ട്.സർവേ നമ്പർ 534-ൽ പെട്ട റവന്യൂ ഭൂമിയിലാണ് കയ്യേറ്റങ്ങൾ കൂടുതലും. പട്ടയമുള്ള സ്ഥലത്തിൻറെ ചെറിയൊരു ഭാഗം വാങ്ങിയ ശേഷം സമീപത്തെ റവന്യൂ, വനം ഭൂമികൾ കൈയേറുകയാണ് ചെയ്യുന്നത്. 534 സർവേ നമ്പരിൽ വില്ലേജിലെ മറ്റൊരു ഭാഗത്ത് ലഭിച്ച പട്ടയം ഉപയോഗിച്ചും ഇവിടെ ഭൂമി കൈവശപ്പെടുത്തുന്നു എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. മൊട്ടക്കുന്നുകളിലെ സർക്കാർ ഭൂമിയിലെല്ലാം കാട്ടുകല്ലുകൾ ഉപയോഗിച്ച് അതിർത്തി തിരിച്ചിട്ടുണ്ടെങ്കിൽ പാറയിൽ മണ്ണിട്ട് നികത്തി കരഭൂമിയാണെന്ന് സ്ഥാപിക്കാനുള്ള കുറുക്കുവഴികളും ഇവിടെ നടക്കുന്നുണ്ട്. ഇതി പുറമെയാണ് അശാസ്ത്രീയമായി കുന്നിടിച്ചുള്ള വൻകിട റിസോർട്ട് നിർമ്മാണങ്ങൾ.
പരുന്തും പാറയുടെ ടൂറിസം വികസനം മുന്നിൽ കണ്ടാണ് സർക്കാർ ഭൂമിയിലെ വ്യാപക കയ്യേറ്റം. 2022 ൽ കൈയേറ്റം മൂലം പഞ്ചായത്തിൻറെ പദ്ധതികൾ മുടങ്ങിയിരുന്നു. കൂടുതൽ സമയവും മഞ്ഞുമൂടിക്കിടക്കുന്നത് കയ്യേറ്റക്കാർക്ക് ഗുണകരമാണ്.