തിരുവനന്തപുരം
10 ജൂൺ 2024
സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ആരംഭിച്ചു. ഞായറാഴ്ച അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം.
ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി നേരത്തെ തന്നെ ഉറപ്പു നൽകിയിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മെയ് 22 ലെ യോഗത്തിലാണ് തീരുമാനിച്ചത്. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പൊലീസ് മേധാവി, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ യോഗത്തിലാണ് അന്ന് തീരുമാനമെടുത്തത്.
എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലാതല തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് നിർദ്ദേശിച്ചിരുന്ന
കൊല്ലം ജില്ലയിലെ നീണ്ടകര ഹാർബർ ട്രോളിങ് നിരോധന കാലഘട്ടത്തിൽ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. അത് ഈ വർഷവും തുടരാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചിട്ടുണ്ട്. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകണം. എന്നാൽ ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാൻ അനുവദിക്കണം. കടൽ സുരക്ഷയുടെയും, തീര സുരക്ഷയുടെയും ഭാഗമായി കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികൾക്കും ബയോമെട്രിക് ഐ.ഡി. കാർഡ്/ആധാർ കാർഡ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം. ഏകീകൃത കളർ കോഡിംഗ് നടത്തിയിട്ടില്ലാത്ത ബോട്ടുകൾ ട്രോളിംഗ് നിരോധന കാലയളവിൽ തന്നെ അടിയന്തിരമായി കളർ കോഡിംഗ് നടത്തണമെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്.