പെരുമണ്ണ
19 ജൂൺ 2024
പിഞ്ചോമനയുടെ കരൾ മാറ്റി വക്കൽ ശസ്ത്രക്രിയക്ക് ധനസഹായം നൽകാൻ നടത്തുന്ന മിനി ബസ്സുകളുടെ കാരുണ്യ യാത്ര കോഴിക്കോട് ആർ ടി ഒ സുമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. വള്ളിക്കുന്നിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ജൂൺ 20ന് വ്യാഴാഴ്ച ദിവസം രാമനാട്ടുകര മെഡിക്കൽ കോളജ്, അഴിഞ്ഞിലം കാരാട് കക്കോവ് റൂട്ടുകളിലെ 33 ബസ്സുകളാണ് കാരുണ്യ സർവ്വീസ് നടത്തുന്നത്. ബസ്സ് ജീവനക്കാരും ഉടമകളും ഒരു ദിവസത്തെ മുഴുവൻ വരുമാനവും സുമനസ്സുകളുടെ ഇതര സംഭാവനകളും അർജിത്ത് മോൻ ചികിത്സാ സഹായ കമ്മറ്റിക്ക് കൈമാറുമെന്ന് കാരുണ്യ യാത്രക്ക് നേതൃത്വം നൽകുന്ന പന്തീരാങ്കാവ് മേഖലാ ബസ്സ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡണ്ട് മൂസ സുൽത്താൻ പറഞ്ഞു.
പരുമണ്ണ പഞ്ചായത്തിലെ വള്ളിക്കുന്നിൽ പെരളശ്ശേരി രാഗേഷിൻ്റെ 6 മാസം മാത്രം പ്രായമുള്ള അർജ്ജിത്തിൻ്റെ കരൾ മാറ്റിവെക്കുന്നതിനായി 60 ലക്ഷം രൂപയാണ് ആവശ്യമായുള്ളത്. ഈ തുക കണ്ടെത്താനായി പ്രദേശത്തുകാർ ചികിത്സാ ധനസഹായകമ്മറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തി വരികയാണ്.
ഈ സാഹചര്യത്തിലാണ് കാരുണ്യ യാത്രയുമായി പന്തീരങ്കാവ് മിനി ബസ്സ് കൂട്ടായ്മയും സഹായത്തിനെത്തുന്നത്.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത്, ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ, ഗ്രാമപഞ്ചായത്തംഗവും ചികിത്സാ കമ്മറ്റി ചെയർമാനുമായ രമ്യ തട്ടാരിൽ ബസ്സ് ഓപ്പറേറ്റേഴ്സ് ഓർഗനൈശേഷൽ സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണൻ, മൂസ സുൽത്താൻ, വി പി അസ്സയിനാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
കുട്ടിയുടെ അച്ചൻ കെ.രാഗേഷിൻ്റെ പേരിലുള്ള ഫെഡറൽ ബാങ്ക് അക്കൗണ്ട്
നമ്പർ: 21360100146920 ( IFC: FDRL
0003126) ലേക്ക് നിങ്ങൾക്കും സഹായധനം നൽകാം.