ബത്തേരി
22 ജൂൺ 2024
പ്രിയങ്ക എത്തുന്നതിന്റെ ആവേശത്തിലാണ് വയനാട്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും വലിയ ആവേശത്തിലാണ്. രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിഞ്ഞെന്ന പരിഭവമില്ലാതെ വീണ്ടുമൊരു തെരഞ്ഞെടുപ്പ് പ്രചാരണം കോണ്‍ഗ്രസ് പ്രവർത്തകർ തുടങ്ങിക്കഴിഞ്ഞു.
പ്രിയങ്ക ഗാന്ധിയെ സ്ഥാനാർത്ഥി ആക്കണമെന്നത് വയനാട്ടിലെ കോണ്‍ഗ്രസ് പ്രവർത്തകരുടെ ചിരകാല അഭിലാഷവുമാണ്. രാഹുല്‍ ഒഴിഞ്ഞാല്‍ പ്രിയങ്ക വരണമെന്ന് ലീഗ് നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. ഇനി പച്ചക്കൊടിക്ക് വിലക്കുമുണ്ടാകില്ല.സംസ്ഥാനത്ത് യുഡിഎഫിന്റെ ഏറ്റവും വലിയ കോട്ടയായ വയനാട് ലോക്‌സഭ മണ്ഡലത്തിലേക്ക് പ്രിയങ്ക ആശങ്കകളില്ലാതെയാണ് എത്തുന്നത്. സംബന്ധിച്ചയിടത്തോളം വടക്ക് രാഹുലും തെക്ക് പ്രിയങ്കയുമെന്ന രാഷ്ട്രീയ സമവാക്യം ആവേശമാവുകയാണ്. ഭൂരിപക്ഷം നാലുലക്ഷം കടക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ. വയനാട്ടില്‍ പ്രിയങ്കയുടെ മത്സരം ആഘോഷമാക്കുകയാണ് കോണ്‍ഗ്രസ് അണികള്‍.