പെരുമണ്ണ
27 ജൂലൈ 2024
രണ്ടു വർഷത്തിലേറ കാലമായി തകർന്നു കിടക്കുന്ന പയ്യടി മേത്തൽ -വെള്ളിപറമ്പ് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി പതിനേഴാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡിൽ വാഴനട്ടു.
പയ്യടിമേത്തലിൽ നിന്ന് വെള്ളിപറമ്പ് അങ്ങാടിയിലക്ക് മൂന്ന് കിലോമീറ്ററിൽ
താഴെ മാത്രമാണ് ദൂരമുള്ളത്. ജനങ്ങൾ സൗജന്യമായി സ്ഥലംവിട്ടു നൽകി നിർമ്മിച്ച് മാതൃകയായ ജില്ലയിലെ പ്രധാന റോഡാണ് കാൽനട പോലും അസാദ്ധ്യമായി തകർന്ന് കിടക്കുന്നത്.
നാലോളം ബസ്സുകൾക്ക് ഇതുവഴി പെർമിറ്റ് നൽകിയിട്ടുണ്ടെങ്കിലും മെഡിക്കൽ കോളജ് -രാമനാട്ടുകര റൂട്ടിലേക്കുള്ള മിനി ബസ് മാത്രമാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്. റോഡ് ഗതാഗതയോഗ്യമാക്കാൻ അടിയന്തിര നടപടി ഉണ്ടാകണമെന്ന്
പ്രതിഷേധം ഉദ്ഘാടനം ചെയ്ത നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.നിത്യാനന്ദൻ ആവശ്യപ്പെട്ടു.
കുറ്റിക്കാട്ടൂർ ഏരിയ പ്രസിഡൻറ് സുനിൽ കുമാർ വടക്കയിൽ അധ്യക്ഷത വഹിച്ചു. കർഷകമോർച്ച കുറ്റിക്കാട്ടൂർ ഏരിയ പ്രസിഡണ്ട് രജീഷ് കെ പി, മഹിളാ മോർച്ച ഏരിയ പ്രസിഡണ്ട് ഷീജ ശിവദാസൻ, ബൂത്ത് പ്രസിഡണ്ട് മധുസൂദനൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നിരവധി പ്രവർത്തകരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.