20 ജൂലൈ 2025
ബസുകൾ, ബസ്, മാർക്കറ്റ്, മാളുകൾ തുടങ്ങി പൊതു ഇടങ്ങളിൽ വിലസുന്ന പൂവാലൻമാർക്ക് ഇനി എട്ടിൻ്റെ പണി കിട്ടും. പൂവാലൻമാരെ തളക്കാൻ കോഴിക്കോട് സിറ്റി പൊലീസിൻ്റെ
പുതിയ പദ്ധതി "ഓപറേഷൻ റോന്ത് ”.
പീഡന പരാതികളും പോക്സോ കേസുകളും വർധിച്ചു വരുന്നത് കണക്കിലെടുത്താണ് സിറ്റി പൊലീസ് കമീഷണർ ടി.നാരായണൻ, ഡെപ്യൂട്ടി കമീഷണർ അരുൺ കെ പവിത്രൻ എന്നിവരുടെ കർശന മേൽനോട്ടത്തിൽ പൂവാല വിരുദ്ധ സേന രൂപീകരിച്ചത്. സിറ്റി പൊലീസിൻ്റെ സോഷ്യൽ പൊലീസിങ്ങിൻ്റെ ഭാഗമായാ പുതിയ പദ്ധതിയിൽ മഫ്ടിയിലാണ് പൊലീസ് രംഗത്തിറങ്ങുക. ബസുകളിലും ബസ് സ്റ്റാൻ്റുകളിലും, കച്ചവട സ്ഥാപനങ്ങളുടെ പരിസരങ്ങളിലുമെല്ലാം ഇനി വേഷം മാറി വനിതാ- പുരുഷ പൊലീസുകാർ ഉണ്ടാകും. സിറ്റി ബസ്സുകളിൽ കാക്കിയിടാതെ വളയം പിടിക്കുന്ന സൽമാൻഖാൻ മാരും റോമിയോ കണ്ടക്ടർമാരും തിരക്കുള്ള ബസ്സുകളിൽ മുൻ വാതിലിലൂടെ മാത്രം കയറുന്ന ഞരമ്പ് രോഗികളും ഇനി വിവരമറിയും.
സിറ്റി പൊലിസിലെ ക്രൈം സ്ക്വാഡ്, ഡാൻസാഫ് തുടങ്ങി വിഭാഗങ്ങളിൽ നിന്നും കൈക്കരുത്തുള്ള പൊലീസുകാരെ ഉൾപ്പെടുത്തിയാണ് ഓപറേഷൻ റോന്ത് സ്ക്വാഡ് രൂപീകരിച്ചിരിക്കുന്നത്.
തിങ്കളാഴ്ച്ച മുതൽ ഇവർ ഡ്യൂട്ടിയിലുണ്ടാകും.