കോഴിക്കോട്
03 ആഗസ്റ്റ് 2025
യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരൻ പി കെ ബുജൈർ കുന്ദമംഗലം പോലീസിൻ്റെ കസ്റ്റഡിയിൽ.
കുന്ദമംഗലം ചൂലം വയലിൽ ലഹരി പരിശോധന നടത്തുകയായിരുന്ന പോലീസിനെ ആക്രമിച്ചു എന്നാണ് പൊലീസ് കേസ്.
ഇന്നലെ രാത്രി കുന്ദമംഗലം ചൂലാം വയലിലാണ് സംഭവം. ലഹരി ഉപയോഗം നടക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുന്ദമംഗലം പോലീസ് സ്ഥലത്തെത്തിയത്.
ചൂലാം വയൽ ബസ്റ്റോപ്പിന് സമീപത്ത് വെച്ച് സംശയകരമായ സാഹചര്യത്തിൽ ഒരു യുവാവിനെ പരിശോധിച്ചപ്പോൾ
ഇയാളിൽ നിന്നും ലഹരി ഉപയോഗിക്കുന്നതിനുള്ള വസ്തുക്കൾ പോലീസിന് ലഭിച്ചു.
അതിനിടയിൽ സ്ഥലത്തെത്തിയ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരൻ പി കെ ബുജൈർ പ്രശ്നത്തിൽ ഇടപെട്ടു.പോലീസുമായി ആദ്യം വാക്കേറ്റവും പിന്നീട് കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അജീഷിന്റെ മുഖത്തടിക്കുകയും നെഞ്ചിൽ പിടിച്ച് തള്ളുകയും ചെയ്തു. ഇതോടെ ബുജൈറിനെയും നേരത്തെ കസ്റ്റഡിയിലെടുത്ത ചൂലാം വയൽ തൊടുകയിൽ റിയാസിനെയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പികെ ബുജൈറിനെതിരെ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും
പോലീസിനെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.
ബുജൈറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.റിയാസിനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.