മാവൂർ
26 മെയ് 2026
മാവൂർ ചെറൂപ്പയിലെ ഇടിക്കോട്ട് അയ്യപ്പക്ഷേത്രത്തിൽ മോഷണം.
ഇന്നു പുലർച്ചെ മൂന്ന് മണിയോടെയാണ് മോഷണം നടന്നത്. മാവൂർ കോഴിക്കോട് റോഡരികിലുള്ള ക്ഷേത്രത്തിൻ്റെ പ്രധാന കവാടത്തിന് മുമ്പിൽ സ്ഥാപിച്ച
ഭണ്ഡാരത്തിന്റെ പൂട്ട് തകർത്താണ് മോഷണം. ഈ സമയത്ത് ഇതുവഴി വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന
കുടുംബം പെട്ടെന്ന് വലിയ ശബ്ദം കേട്ട് നോക്കുമ്പോൾ മോഷ്ടാവ് പൂട്ട് തകർക്കുന്നതാണ് കണ്ടത്.
ഉടൻതന്നെ ബഹളം വെച്ചതോടെ
മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.തുടർന്ന്
ക്ഷേത്രം ഭാരവാഹികളെ വരുത്തിയ
ശേഷം നടത്തിയ പരിശോധനയിൽ ക്ഷേത്ര പരിസരത്തു നിന്നും ഒരു ബൈക്കും തുണികളിൽ പൊതിഞ്ഞ നിലയിൽ പണവും കണ്ടെത്തി.
വിവരമറിയിച്ചതോടെ സ്ഥലത്തെത്തിയ മാവൂർ പോലീസ് നടത്തിയ പരിശോധനയിൽ ക്ഷേത്രമുറ്റത്തെ രണ്ട് ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്തതായി കണ്ടെത്തി. എന്നാൽ ഇതിൽ നിന്നും മോഷ്ടാവിന് പണം എടുക്കാൻ സാധിച്ചിട്ടില്ല.
മോഷ്ടാവിൻ്റെത് എന്ന് കരുതുന്ന ബൈക്കും കണ്ടെത്തിയ പണമടങ്ങിയ സഞ്ചിയും സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ നാലു ദിവസത്തിനിടെ ഇത് നാലാമത്തെ മോഷണമാണ് മാവൂർ, കുന്ദമംഗലം പോലീസ് സ്റ്റേഷനുകളുടെ
പരിധിയിലെ ക്ഷേത്രങ്ങളിൽ നടക്കുന്നത്. നേരത്തെ ചാത്തമംഗലം ഏരിമല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ചാത്തമംഗലം കുനിയിൽ ക്ഷേത്രത്തിലും, ചൂലൂരിലെ കീടേരി ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു.
ഇതിൻ്റെ അന്വേഷണങ്ങൾ നടന്നുവരുന്നതിനിടെയാണ് ഇപ്പോൾ ചെറൂപ്പ അയ്യപ്പൻ കാവിലും മോഷണം നടന്നത്.