മേപ്പാടി 26 മെയ് 2026
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. ഒരാൾക്ക് ദാരുണാന്ത്യം. വയനാട് മേപ്പാടിയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്. ഭർത്താവിനൊപ്പം രാവിലെ സ്കൂട്ടറിൽ പോകുമ്പോൾ മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
രാത്രിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ രണ്ട് കാട്ടാനകൾ നേരം പുലർന്നിട്ടും പ്രദേശത്ത് തുടർന്നിരുന്നു. ഈ ആനകളിൽ ഒന്നാണ് ജെസ്സിയെയും ഷാജിയെയും ആക്രമിച്ചത്. തുടർച്ചയായി കാട്ടാന ഇറങ്ങുന്ന മേഖലയാണ് മേപ്പാടിയിലെ ഈ പ്രദേശമെന്ന് നാട്ടുകാർ പറഞ്ഞു. സമീപ സ്ഥലങ്ങളിൽ മുൻപും നിരവധി പേർക്ക് കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. കാട്ടാനയെ മയക്കു വെടിവെച്ച് പിടികൂടണമെന്ന് ആവശ്യമുയർത്തി മുണ്ടക്കൈ വനംവകുപ്പ് ഓഫീസും പിന്നീട് മേപ്പാടി റോഡും നാട്ടുകാർ ഉപരോധിച്ചു.കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയും നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം