25 ജൂൺ 2026
ദേശീയപാത 66 ൽ കൂടത്തുംപാറയിൽ ടോൾ പ്ലാസ പ്രവർത്തനം തുടങ്ങിയതോടെ കൂടത്തുംപാറ പന്തീരങ്കാവ് റോഡിൽ എപ്പോഴും വാഹനങ്ങളുടെ തിരക്കാണ്. മഴ പെയ്തതോടെ റോഡ് പൊളിഞ്ഞ് വലിയ കുഴികളുമായി. കൂടത്തുംപാറ അങ്ങാടിയിലാണ് ഏറ്റവും വലിയ കുഴി രൂപപ്പെട്ടത്. ഇതിൽ മൂക്കുകുത്തി വാഹനങ്ങൾ കുടുങ്ങുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്.
ഈ വലിയ കുഴിയിൽ വാഹനങ്ങൾ കുടുങ്ങുന്നതോടെ വലിയ ഗതാഗത കുരുക്കുമുണ്ടാകും. ടോൾ വെട്ടിച്ച് വരുന്ന വാഹനങ്ങളാണ് കുഴിയിൽ പതിക്കുന്നതിൽ അധികവും. ഈ വണ്ടികൾ തള്ളിക്കയറ്റാൻ പലപ്പോഴും നാട്ടുകാർ തന്നെ ഇറങ്ങണം. ഒന്നിന് പിറകെ ഒന്നായി വാഹനം കുടുങ്ങുന്നത് പതിവായതോടെ തള്ളി തള്ളി നാട്ടുകാരുടെയും നടുവൊടിഞ്ഞു.
ഈ കുഴിയിൽ രണ്ട് ചട്ടി ക്വാറി വേസ്റ്റ് എങ്കിലും അടിച്ചാൽ താല്കാലിക പരിഹാരമായേനെ. അതിന് ഇവിടെ പഞ്ചായത്ത് അധികാരികളില്ലേ എന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.