യുവാവിൻ്റെ മരണം; കൊലപാതകം തന്നെ .. സുഹൃത്ത് അറസ്റ്റിൽ
പന്തീരങ്കാവ്
28 ജൂലൈ 2026
പെരുമണ്ണ മുണ്ടുപാലത്ത്
വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിന് ഏറ്റ പരിക്ക് മരണ കാരണമായെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കൊലപാതകമെന്ന് സ്ഥീരികരിച്ചത്. ഇരിങ്ങല്ലൂർ പുല്ലൂക്ക് ചാലിൽ മീത്തൽ ഷെരീഖ് അഹമ്മദ് (33) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഷെരീഖിൻ്റെ സുഹൃത്ത് ഇരിങ്ങല്ലൂർ സ്വദേശി മുഹമ്മദ് അഷ്റഫ് പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി താൻ ഷെരീഖിനെ കൊലപ്പെടുത്തി എന്ന് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന്
മുഹമ്മദ് അഷ്റഫ് പറഞ്ഞ പ്രകാരം പൊലീസ് മുണ്ടുപാലം സരിഗ ബസ്റ്റോപ്പിന് സമീപത്തെ വാടക
വീട്ടിൽ എത്തുകയും ഷെരീഖിൻ്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. പൊലീസിൻ്റെ പ്രാധമിക പരിശോധനകളിൽ ശരീരത്തിൽ മുറിവുകളോ പരിക്കകളോ കണ്ടെത്താനായില്ല. തുടർന്നു ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൻ്റെ റിപ്പോർട്ട് ലഭിച്ചതോടെ ഇരിങ്ങല്ലൂർ ഹാജിറ മൻസിലിൽ മുഹമ്മദ് അഷറഫ് (38) ൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
വിശദമായ ചോദ്യം ചെയ്യലിൽ
ഞായറാഴ്ച ഉച്ചക്കാണ് അഷ്റഫും ഷരിഖും മുണ്ടുപാലം സരിഗ ബസ്റ്റോപ്പിന് സമീപത്തെ വാടക വീട്ടിൽ എത്തിയതെന്നും ലഹരി ഉപയോഗിച്ച ശേഷം രണ്ടു പേരും തമ്മിൽ ഉണ്ടായ തർക്കത്തിനിടെ സ്റ്റീൽ റോഡ് ഉപയോഗിച്ച് ഷെരീഖിനെ അടിച്ചെന്നും ആണ് അഷ്റഫിൻ്റെ മൊഴി.
അടിക്കാൻ ഉപയോഗിച്ച സ്റ്റീൽ വടിയും റൂമിൽ നിന്നും പൊലീസ് കണ്ടെടുത്തു.
ഇതിനിടെ മുഹമ്മദ് അഷ്റഫിൻ്റെ ദേഹപരിശോധന നടത്തിയപ്പോൾ മാരക ലഹരിയായ ഒരു ഗ്രാം മെത്താ ഫിറ്റമിന്നും കണ്ടെടുത്തു. ഇതിൽ മറ്റൊരു കേസും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.