ലൈഫ് ഭവനപദ്ധതി; നടപടികൾ തുടങ്ങി അധികാരികൾ..
പന്തീരങ്കാവ്
13 -11-2026
ലൈഫ് ഭവന പദ്ധതിയിൽ പെരുമണ്ണ പഞ്ചായത്തിൽ സ്ഥലം വാങ്ങിയ ഗുണഭോക്താക്കൾക്ക് ബിൽഡിംഗ്
പെർമിറ്റ് ലഭിക്കാത്തതും പ്രവൃത്തി
തുടങ്ങാൻ കഴിയാത്തതുമായ പരാതി ഉയർന്ന സാഹചര്യത്തിൽ അധികാരികൾ പരിഹാര നടപടികൾ ആരംഭിച്ചു. പെരുമണ്ണ, ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ് സുലിൻ, വികസന സ്റ്റാൻ്റിoഗ് കമ്മറ്റി ചെയർമാൻ വി.വിജയൻ തുടങ്ങിയവർ അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു. കെട്ടിട നിർമ്മാണ പെർമിറ്റ് ഉടൻ ലഭിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. സ്ഥലത്ത് നിന്നും മണ്ണ് പുറത്തേക്ക് കൊണ്ടുപോകാതെ വീട് നിർമ്മാണത്തിന് ആവശ്യമായ വിധത്തിൽ മണ്ണ് ഇടിച്ച് ലെവൽ ചെയ്യാൻ കഴിയുമെന്നാണ് സംഘത്തിൻ്റെ വിലയിരുത്തൽ. ബന്ധപ്പെട്ട എല്ലാ അനുമതികളും ഗുണഭോക്താക്കൾക്ക് കാലതാമസമില്ലാതെ ലഭിക്കാൻ വേണ്ട നടപടികളും സ്വീകരിക്കുമെന്നും സംഘം വ്യക്തമാക്കി.ഒളവണ്ണ ഗ്രാമ
പഞ്ചായത്തിലെ അതി ദരിദ്രർ
അടക്കമുള്ള 18 ഓളം കുടുംബങ്ങളാണ്
ലൈഫ് പദ്ധതി പ്രകാരം പെരുമണ്ണ പഞ്ചായത്തിലെ മഴൂർ കുന്നിൻ ചെരുവിൽ സ്ഥലംവങ്ങിയത്. എന്നാൽ വീട് നിർമ്മാണത്തിനായുള്ള മണ്ണിടിക്കൽ തടസപ്പെട്ടതടക്കം ഉള്ള പ്രശ്നങ്ങളാൽ ഗുണഭോക്കാക്കൾക്ക് വീട് നിർമ്മാണം തുടങ്ങാനായിരുന്നില്ല. ഇക്കാര്യം വാർത്ത നൽകിയതോടെ മനുഷ്യാവകാശ
കമ്മീഷൻ കേസെടുത്തിരുന്നു.