പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ശരണ്യയെ കണ്ടെത്തി; ആരോഗ്യ പ്രശ്നങ്ങളില്ല.

ശരണ്യയെ കണ്ടെത്തി; ആരോഗ്യ പ്രശ്നങ്ങളില്ല.
കണ്ണൂർ
05 ഏപ്രിൽ 2026

ശരണ്യയെ കണ്ടെത്തി; അരോഗ്യ പ്രശ്നങ്ങളില്ല - വീട്ടിലേക്ക് മടങ്ങി.

ശരണ്യയുടെ വാക്കുകൾ:
"ഞാൻ തടിയൻ്റമോൾ ബെറ്റയിൽ ട്രെക്കിംഗിന് പോയതായിരുന്നു. തിരിച്ചിറങ്ങിയപ്പോൾ എനിക്ക് വഴി തെറ്റിപ്പോയി. കൂടെയുള്ളവരെ കാണാതായതോടെ അവരെ അന്വേഷിച്ച് ഞാൻ ഇടത് വശത്തേക്ക് നടന്നു. എന്നാൽ അവിടെ എത്തിയപ്പോൾ മുകളിലോ താഴെയോ ആരെയും കാണാൻ സാധിച്ചില്ല. കുറെ ദൂരം താഴേക്ക് നടന്നതോടെ ഫോൺ നെറ്റ്‌വർക്കും നഷ്ടമായി.
എൻ്റെ കൈവശം ആകെ ഉണ്ടായിരുന്നത് 500 മില്ലിയുടെ ഒരു കുപ്പിവെള്ളം മാത്രമായിരുന്നു. ഭക്ഷണം ഒന്നുമുണ്ടായിരുന്നില്ല. ഫോണിൽ ചാർജ് തീരാറായപ്പോൾ അവസാനമായി എൻ്റെ ഓഫീസിലെ സുഹൃത്തായ യദുവിനെ വിളിച്ച് ലൊക്കേഷൻ അയക്കാൻ ശ്രമിച്ചു. അപ്പോഴേക്കും ചാർജ് തീർന്ന് ഫോൺ ഓഫ് ആയി. അന്ന് വൈകുന്നേരം വരെ ഞാൻ കുറെ നടന്നു. രാത്രി ഒരു അരുവിയുടെ അടുത്തു വരെ എത്തി. അവിടെയുള്ള പാറക്കെട്ടുകൾക്കിടയിലാണ് ആദ്യ ദിവസം രാത്രി കഴിച്ചുകൂട്ടിയത്.
അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോൾ എൻ്റെ കാലുകൾക്ക് നല്ല വേദന ഉണ്ടായിരുന്നു. അതുകൊണ്ട് ആ ദിവസം എവിടെയും പോകാതെ ആ പാറക്കെട്ടിൽ തന്നെ ഇരുന്നു. മുകളിലൂടെ ഡ്രോൺ എങ്ങാനും വരികയാണെങ്കിൽ എൻ്റെ സാന്നിധ്യം അവർക്ക് കാണാൻ സാധിക്കുമല്ലോ എന്ന് ഞാൻ കരുതി. മൂന്നാം ദിവസം രാവിലെ എഴുന്നേറ്റ് മുകളിലേക്ക് നടക്കാൻ തീരുമാനിച്ചെങ്കിലും അന്ന് ഉച്ചയ്ക്ക് മഴ പെയ്തു. നനഞ്ഞു കുതിർന്നതോടെ രാത്രി ഉറങ്ങാൻ പോലും സാധിക്കാത്ത അത്ര തണുപ്പായിരുന്നു.

അവിടെ ആനകളൊക്കെ വരാറുള്ള സ്ഥലമാണെന്ന് എനിക്ക് തോന്നിയിരുന്നു. എങ്കിലും എനിക്ക് അത്ര പേടിയൊന്നും തോന്നിയില്ല. എൻ്റെ മനശ്ശക്തി മാത്രമായിരുന്നു എനിക്ക് കൂട്ട്. നാലാം ദിവസം 12 മണി വരെ ഞാൻ അവിടെ തന്നെ കാത്തിരുന്നു. പിന്നീട് മഴ പെയ്യാൻ സാധ്യതയുള്ളതുകൊണ്ട് വീണ്ടും മുകളിലേക്ക് നടക്കാൻ തീരുമാനിച്ചു. മുകളിലേക്ക് നടക്കുമ്പോൾ ഞാൻ ഇടയ്ക്കിടെ ശബ്ദമുണ്ടാക്കി ആരെങ്കിലും അവിടെ ഉണ്ടോ എന്ന് നോക്കി. ഏകദേശം നാലോ അഞ്ചോ കിലോമീറ്റർ ദൂരെ നിന്നാണ് രക്ഷാപ്രവർത്തകർ എൻ്റെ ശബ്ദം കേട്ടത്. അവർ എന്നെ കണ്ടുപിടിച്ചപ്പോൾ ശരിക്കും അത്ഭുതമായി തോന്നി.

ഇതൊരു ചെറിയ ട്രെക്കിംഗായിരിക്കും എന്നാണ് ഞാൻ കരുതിയത്, അതുകൊണ്ടാണ് കൂടുതൽ സാധനങ്ങളൊന്നും കരുതാതിരുന്നത്. എന്നെ തിരഞ്ഞു വന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും പോലീസിനും നാട്ടുകാർക്കും എല്ലാവരോടും എനിക്ക് വലിയ നന്ദിയുണ്ട്."


നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now