പന്തീരങ്കാവ്
1 ജൂലൈ 2026
ഒളവണ്ണ പഞ്ചായത്തിലെ പന്തീരങ്കാവിന് സമീപം കൊമ്പാലത്ത് പ്രവർത്തിക്കുന്ന ഗ്ലോബൽ ഇംഗ്ലീഷ് സ്കൂളിലും ചെണ്ടുമല്ലി പൂ വിരിയും. സർക്കാർ നടപ്പിലാക്കുന്ന ഓണത്തിനൊരുക്കാം വിളവിൻ്റെ വിസ്മയം പദ്ധതിയുമായി സഹകരിച്ചാണ് സ്കൂളിലെ കുട്ടികളുടെ പങ്കാളിത്തത്തോടെ പൂ കൃഷി തുടങ്ങിയത്. ഒളവണ്ണയിൽ കൃഷിയിൽ സജീവ സാന്നിദ്ധ്യമായ കൃഷ്ണൻ ഒളവണ്ണയുടെ നേതൃത്വത്തിലാണ് കൃഷി.
സ്കൂളിൻ്റെ 35 സെൻ്റോളം വരുന്ന സ്ഥലത്താണ് ചെണ്ടുമല്ലി തൈകൾ നട്ടത്. ജൂൺ 30 ന് ചൊവ്വാഴ്ച രാവിലെ കൃഷിയിടത്തിൽ നടത്തിയ ചടങ്ങിൽ ജില്ലാ കൃഷി ഓഫീസർ അജയ് അലക്സ് കൃഷി പ്രവർത്തികൾ ഉത്ഘാടനം ചെയ്തു.
കൃഷിയെ കുറിച്ചും കൃഷി ചെയ്യേണ്ട ആവശ്യകതയെ കുറിച്ചും അദ്ദേഹം കുട്ടികളെ ബോധവത്കരിച്ചു.
സ്കൂൾ മനേജർ അബ്ദുൾ അസീസ്, ഫെസിലിറ്റി മനേജർ സക്കീർ പുത്തൂർമഠം, അധ്യാപകരായ നൗഷാദ്, അബ്ദുറഹിമാൻ കൂടാതെ സ്കൂളിലെ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.