കോഴിക്കോട്
14 ആഗസ്റ്റ് 2026
ദേശീയ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലെ പത്ര ഏജന്റുമാർക്ക് അനുവദിച്ചുവരാറുള്ള അവധി ഏകപക്ഷീയമായും യാതൊരു കൂടിയാലോചനയും കൂടാതെയും എടുത്തുകളഞ്ഞ ചില പത്ര
സ്ഥാപനങ്ങളുടെ ഏജൻസി വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച്, ആഗസ്റ്റ് 16-ന് സംസ്ഥാനത്ത് പത്ര വിതരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായി ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ (എൻ.പി.എ.എ.) കേരള സംസ്ഥാന കമ്മിറ്റി അറിയിച്ചു.
സമരവുമായി ബന്ധപ്പെട്ട് സംഘടന നൽകിയ കത്തിന് മറുപടിയായി മാതൃഭൂമി, ദേശാഭിമാനി ഉൾപ്പെടെയുള്ള പത്രസ്ഥാപനങ്ങൾ അസോസിയേഷൻ ഭാരവാഹികളുമായി ഉഭയകക്ഷി ചർച്ചയ്ക്ക് തയ്യാറാകാനുള്ള മാന്യത കാണിച്ചെങ്കിലും മലയാള മനോരമ മാനേജ്മെന്റ് ഒരു ഘട്ടത്തിലും അസോസിയേഷനുമായി ചർച്ച നടത്താൻ തയ്യാറായില്ല. ഇത് ധിക്കാരപരവും ജനാധിപത്യ വിരുദ്ധവുമായ നിലപാടാണെന്ന് അസോസിയേഷൻ ആരോപിച്ചു.
സംസ്ഥാനത്തെ പത്ര ഏജന്റുമാരിൽ എൺപത് ശതമാനത്തോളം പേരും ഒന്നിലധികം പത്രങ്ങളുടെ ഏജൻസി ഒരേസമയം നടത്തി ഉപജീവനം നടത്തുന്നവരാണ്. ദേശീയ അവധി ദിനങ്ങളിൽ പോലും അവധിയുടെ കാര്യത്തിൽ ഏകീകരണം നടത്താൻ വൻകിട പത്രസ്ഥാപനങ്ങൾ തയ്യാറാകാത്തതിനാൽ ഏജന്റുമാർക്ക് ലഭിക്കുന്ന പരിമിതമായ അവധിദിനങ്ങൾ പോലും പ്രയോജനപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, മേയ് ദിനം, ഓണം, വിഷു, ക്രിസ്മസ്, ബലിപെരുന്നാൾ, മഹാനവമി എന്നീ എട്ട് അവധിദിനങ്ങളിൽ എല്ലാ പത്രസ്ഥാപനങ്ങളും എല്ലാ വർഷവും ഒരേ രീതിയിൽ അവധി അനുവദിക്കണമെന്നാണ് പത്ര ഏജന്റുമാരുടെ സംഘടന മാനേജ്മെന്റുകളോട് ആവശ്യപ്പെട്ടിരുന്നത്.
ന്യായമായ ഈ ആവശ്യം പോലും മലയാള മനോരമ മാനേജ്മെന്റ് തങ്ങളുടെ സ്വാധീനശക്തി ഉപയോഗിച്ച് അട്ടിമറിക്കുകയാണെന്ന് അസോസിയേഷൻ ആരോപിച്ചു. 2026 ആഗസ്റ്റ് 16-ന് അവധി നൽകാൻ തീരുമാനിച്ച പത്ര മാനേജ്മെന്റുകളെ വിവിധ തരത്തിലുള്ള സമ്മർദ്ദങ്ങൾ ചെലുത്തി തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ മനോരമ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായതായും ഭാരവാഹികൾ ആരോപിച്ചു.
പത്ര ഏജന്റുമാരുടെ കൂട്ടായ്മയെ മനോരമ മാനേജ്മെന്റ് ഭയപ്പെടുന്നത് അവരുടെ നിലപാടുകളിലെ ദൗർബല്യമാണ് വ്യക്തമാക്കുന്നതെന്നും അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.
ആഗസ്റ്റ് 16-ന് പത്രം വിതരണത്തിനയക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ആയിരക്കണക്കിന് ഏജന്റുമാർ ഇതിനകം വിവിധ യൂണിറ്റുകളിലെ സർക്കുലേഷൻ മാനേജർമാർക്ക് കത്ത് നൽകിയിട്ടുണ്ട്. ഈ കത്തുകൾ മാനിക്കാതെ പത്രം അയച്ചാൽ, അയയ്ക്കുന്ന കോപ്പികളത്രയും ജില്ലാ കേന്ദ്രങ്ങളിൽ അടുത്ത ദിവസങ്ങളിൽ പരസ്യമായി തൂക്കി വിൽക്കുകയും ചെയ്യുമെന്ന് എൻ.പി.എ.എ. സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
യോഗത്തിൽ എൻ.പി. എ.എ സംസ്ഥാന പ്രസിഡൻ്റ് പി.കെ സത്താർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ചേക്കുട്ടി കരിപ്പൂർ , ട്രഷറർ അജീഷ് കൈവേലി, സംസ്ഥാന ഭാരവാഹികളായ സി.പി അബ്ദുൽ വഹാബ്, ജനാർദ്ധൻ കാസർകോഡ്, ബാബു വർഗ്ഗീസ്, സലീം രണ്ടത്താണി എറണാംകുളം, രാമചന്ദ്രൻ നായർ കൊല്ലം, അരുൺ നായർ തിരുവനന്തപുരം, യാഖൂബ് തൃശ്ശൂർ, എന്നിവർ പ്രസംഗിച്ചു.