പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K — INR
24K 1 പവൻ — INR
വെള്ളി 1g — INR

ചേവായൂരിലും കമ്മ്യൂണിറ്റി മീഡിയേഷൻ സെന്ററിന് തുടക്കം..

ചേവായൂരിലും കമ്മ്യൂണിറ്റി മീഡിയേഷൻ സെന്ററിന് തുടക്കം..

കോഴിക്കോട്
8 സപ്തംബർ 2026

തർക്കങ്ങൾ കോടതിക്ക് പുറത്ത് സൗഹാർദ്ദപരമായി പരിഹരിക്കാൻ പുതിയ സംവിധാനം.
കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റിയുടെയും ജില്ലാ മീഡിയേഷൻ സെന്ററിന്റെയും നേതൃത്വത്തിൽ, ക്ലിനിക്കൽ ജസ്റ്റിസ് എജുക്കേഷൻ ഓർഗനൈസേഷൻ (CLIJEO), ഗവൺമെന്റ് ലോ കോളേജ് കോഴിക്കോട്, കോഴിക്കോട് കോർപ്പറേഷൻ ചേവായൂർ യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന കമ്മ്യൂണിറ്റി മീഡിയേഷൻ സെന്ററിന് തുടക്കമായി. വിവിധ തരത്തിലുള്ള പരാതികളും തർക്കങ്ങളും കോടതിയെ സമീപിക്കാതെ, പ്രാദേശിക തലത്തിൽ തന്നെ ചർച്ചകളിലൂടെയും പരസ്പര ധാരണയിലൂടെയും സൗഹാർദ്ദപരമായി പരിഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഗവൺമെന്റ് ലോ കോളേജ് കോഴിക്കോട് സെമിനാർ ഹാളിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ)യുമായ ബിജു എം. സി. ഉദ്ഘാടനം നിർവഹിച്ചു. ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പൽ വിദ്യുത് കെ. എസ്. അധ്യക്ഷത വഹിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പ്രമോദ് പി. മുഖ്യാതിഥിയായി.
CLIJEO കോ-ഓർഡിനേറ്റർ ബിനീഷ് കുമാർ ബി. എസ്. സ്വാഗതം പറഞ്ഞു. ഗവൺമെന്റ് ലോ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. അനീസ് പി. കെ,  യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ മുഹമ്മദ് സിയാദ് എന്നിവർ ആശംസകൾ നേർന്നു. DLSA പാരാലീഗൽ വോളണ്ടിയർ സി. പി. റഷീദ് പൂനൂർ നന്ദി പറഞ്ഞു.

കമ്മ്യൂണിറ്റി മീഡിയേഷൻ വഴി എല്ലാ കക്ഷികൾക്കും തുല്യ പരിഗണന ഉറപ്പാക്കുകയും, പരാതികളും തർക്കങ്ങളും രഹസ്യാത്മകമായി കൈകാര്യം ചെയ്യുകയും ചെയ്യും. ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം സാമൂഹിക സൗഹാർദ്ദം നിലനിർത്താനും വ്യക്തിബന്ധങ്ങൾ വീണ്ടെടുക്കാനും സംരക്ഷിക്കാനും പദ്ധതി സഹായകമാകും. കക്ഷികളുടെ സ്വമേധയുള്ള പങ്കാളിത്തവും പ്രാദേശിക സമൂഹത്തിന്റെ സഹകരണവുമാണ് പദ്ധതിയുടെ പ്രധാന പ്രത്യേകതകൾ.
ആദ്യഘട്ടത്തിൽ കോഴിക്കോട് കോർപ്പറേഷനിലെ 14, 15, 20, 21, 24 വാർഡുകളുമായി ബന്ധപ്പെട്ട പരാതികളും തർക്കങ്ങളുമാണ് കമ്മ്യൂണിറ്റി മീഡിയേഷൻ സെന്ററിൽ പരിഗണിക്കുന്നത്. പണം തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ, കുടുംബപ്രശ്നങ്ങൾ, ദമ്പതികൾ തമ്മിലുള്ള തർക്കങ്ങൾ, സ്വത്ത്–അവകാശ തർക്കങ്ങൾ, അയൽപക്ക തർക്കങ്ങൾ, തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ, സാമൂഹിക വിഭവങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ, സാമൂഹിക–സാംസ്‌കാരിക തർക്കങ്ങൾ തുടങ്ങിയ ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിവിധ വിഷയങ്ങൾ കമ്മ്യൂണിറ്റി മീഡിയേഷനിലൂടെ പരിഹരിക്കാം. രണ്ടു കക്ഷികളും സംസാരിക്കാനും പരസ്പര ധാരണയിലൂടെ പരിഹാരത്തിലെത്താനും തയ്യാറാകുന്ന സാഹചര്യത്തിലാണ് കമ്മ്യൂണിറ്റി മീഡിയേഷൻ കൂടുതൽ ഫലപ്രദമാകുന്നത്. പരാതിക്കാർക്ക് നേരിട്ടോ, പാരാലീഗൽ വോളണ്ടിയർമാർ മുഖേനയോ, വിവിധ അധികാരികളുടെ റഫറൽ വഴിയോ കമ്മ്യൂണിറ്റി മീഡിയേഷൻ സെന്ററിനെ സമീപിക്കാം.

കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ ഗവൺമെന്റ് ലോ കോളേജ് കോഴിക്കോട് കമ്മ്യൂണിറ്റി മീഡിയേഷൻ സെന്ററിൽ എല്ലാ ആഴ്ചയും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ മീഡിയേഷൻ സേവനം ലഭ്യമാകും.

“തർക്കങ്ങൾക്ക് പരിഹാരം - സമൂഹത്തിൽ സൗഹാർദ്ദം” എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി സാധാരണക്കാർക്ക് വേഗത്തിലും ചെലവ് കുറഞ്ഞ രീതിയിലും സൗഹാർദ്ദപരമായ പരിഹാരമാർഗം ഒരുക്കുന്നതാണ്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now