കോഴിക്കോട്
27-09-2026
പ്രോജക്ട് സീറോ - കോഴിക്കോട് റേഞ്ച് തല ഉദ്ഘാടനം 2026 സെപ്റ്റംബർ 28ന് തിങ്കളാഴ്ച.
കേരള വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ (VACB) സംസ്ഥാനതല സംരംഭമായ 'പ്രോജക്ട് സീറോ - Blow the Whistle Against Corruption' പദ്ധതിയുടെ കോഴിക്കോട് റേഞ്ച് തല ഉദ്ഘാടനം 28 സെപ്റ്റംബർ 2026 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കാമ്പസിൽ നടക്കും.
അഴിമതി രഹിതവും സുതാര്യവുമായ കേരളം കെട്ടിപ്പടുക്കുന്നതിന് യുവാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രോജക്ട് സീറോ. 'Gen Z for Integrity, Kerala for Tomorrow' എന്നതാണ് മുദ്രാവാക്യം. ബഹു.ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല വിസിൽ മുഴക്കി കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയും വിജിലൻസ് കമാൻഡോകൾക്ക് ബാഡ്ജ് വിതരണം ചെയ്യുകയും ചെയ്യും.ജെ.ഡി.ടി ഇസ്ലാം ഓർഫനേജ് & എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ പ്രസിഡന്റ് ഡോ.പി.സി അൻവർ സ്വാഗതം ആശംസിക്കും. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം IPS ആമുഖ പ്രഭാഷണം നടത്തും.കോഴിക്കോട് നോർത്ത് MLA അഡ്വ. കെ.ജയന്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി IAS പ്രത്യേക പ്രഭാഷണം നടത്തും. മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കുന്ന പ്രശസ്ത ചലച്ചിത്ര താരം നീരജ് മാധവ് പൊതുജനങ്ങൾക്കായി യൂത്ത് ഇന്റഗ്രിറ്റി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പ്രശസ്ത പണ്ഡിതനും കവിയുമായ ഡോ.സോമൻ കടലൂർ വിശിഷ്ടാതിഥിയായിരിക്കും. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.പി ഷൗക്കത്തലി IPS, VACB സ്പെഷ്യൽ സെൽ എസ്.പി ദേവദാസ് സി.എം, ജെ.ഡി.ടി സെക്രട്ടറി സി.എ ആരിഫ് എന്നിവർ ആശംസകൾ അർപ്പിക്കും. കാമ്പയിന്റെ ഭാഗമായി “പ്രോജക്ട് സീറോ” പ്രചരണ വീഡിയോ പ്രകാശനം ചെയ്യും. അഴിമതിക്കെതിരെ 'നേരിന്റെ ചുവടുകൾ' എന്ന അഞ്ച് മിനിറ്റ് നൃത്താവിഷ്കാരവും 'ജീവിതത്തിന് വിലങ്ങ് തീർത്തവർ' എന്ന പത്ത് മിനിറ്റ് നാടകവും അവതരിപ്പിക്കും. ജെ.ഡി.ടി ഇസ്ലാം ഓർഫനേജ് & എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനിലെ വിദ്യാർഥികൾ അഴിമതിക്കെതിരെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
VACB നോർത്തേൺ റേഞ്ച് കോഴിക്കോട് എസ്.പി ബാലകൃഷ്ണൻ നായർ നന്ദി പറയും. വിജിലൻസ് കമാൻഡോ ആയി ചേരാൻ vigilance.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. അഴിമതി വിവരം അറിയിക്കാൻ ടോൾ ഫ്രീ നമ്പർ 1064 ൽ വിളിക്കാം. അഴിമതിക്കെതിരെ പൊതുജനങ്ങൾ വീജിലൻസിനെ വിവരം അറിയിക്കണമെന്നും, ഇത്തരത്തിൽ വിവരം നൽകുന്നവരുടെ വ്യക്തി വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും വിജിലൻസ് എസ്.പി മാരായ ബാലകൃഷ്ണൻ നായർ, ദേവദാസ് എന്നിവർ സംയുക്ത വാർത്താ കുറിപ്പിൽ പറഞ്ഞു.