ദേശീയ പാതയിൽ പന്തീരങ്കാവിൽ നിർമ്മിച്ച ടോൾ പ്ലാസയിലെ കെട്ടിടങ്ങൾ ചരിയുന്നു. ദേശീയ പാതയിൽ പന്തീരങ്കാവ് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള ടോൾ പ്ലാസയിലെ ഒന്നാം ട്രാക്കിലാണ് പ്രധാനമായും റോഡ് അമർന്ന് താഴ്ന്നത്. വലിയ കനത്തിൽ കോൺക്രീറ്റ് ചെയ്ത ഭാഗമാണിത്. റോഡ് താഴ്ന്നതോടെ പ്ലാസ കമാനത്തിലെ സ്റ്റീൽ ഭീമുകൾ വളഞ്ഞിട്ടുണ്ട്.
പ്ലാസയിൽ വെള്ളക്കെട്ട് ഉണ്ടായത് ഒഴിവാക്കാൻ സമീപത്തെ കോൺക്രീറ്റ് സ്ലാബ് കട്ട് ചെയ്ത് നീക്കി അതിന് മുകളിൽ ഇരുമ്പ് പാളികൾ സ്ഥാപിച്ചിരിക്കുകയാണ്.
ഈ ഭാഗത്ത് നിർമ്മാണം പൂർത്തിയായ ശുചി മുറി കെട്ടിടവും പവർഹൗസും ചരിഞ്ഞ അവസ്ഥയിലാണ്. ചുമരുകളിൽ വിള്ളലുകളുമുണ്ട്. വാഹനങ്ങളുടെ തൂക്കം എടുക്കുന്ന ബ്രിഡ്ജും ചരിഞ്ഞു. പ്ലാസക്ക് മുകളിലെ റൂമിൻ്റ ഭിത്തിയിലും വിള്ളലുണ്ടായിട്ടുണ്ട്.
റോഡിൻ്റെ കോൺക്രീറ്റ് പ്രതലം താഴുന്ന ഭാഗങ്ങൾ ടാർ ചെയ്ത് മറക്കാനും കെട്ടിടങ്ങളിലെ വിള്ളൽ പുട്ടിയിട്ട് മറക്കാനുമുള്ള ശ്രമങ്ങളാണ് നിർമ്മാണ കമ്പനി തുടരുന്നത്.
മാമ്പുഴയുടെ ഓരത്തുള്ള ഈ ചതുപ്പ് നിലത്ത് ദേശീയ പാതക്ക് 5 മീറ്ററോളം ഉയരമുണ്ട്.
നിർമ്മാണത്തിൻ്റെ ആദ്യ ഘട്ടത്തിൽ തന്നെ ഈ ഭാഗത്തെ കോൺക്രീറ്റ് നിർമ്മിത പാർശ്വഭിത്തി തകർന്നു വീണിരുന്നു. ടോൾ പ്ലാസ പൂർണ്ണമായും പ്രവർത്തന തുടങ്ങുമ്പോൾ നിരവധി വാഹനങ്ങൾ ഈ ഭാഗത്ത് നിർത്തുന്നതോടെ റോഡ് തകരുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ