Header Ads Widget

Responsive Advertisement
ആശുപത്രികളിലെ കോവിഡ് വ്യാപനം ഒളവണ്ണയിൽ ആശങ്ക ഉയർത്തുന്നു. ഒളവണ്ണ പഞ്ചായത്തിലൂടെ കടന്നു പോകുന്ന ബൈപ്പാസിനു ഓരം ചേർന്ന് പന്തീരാങ്കാവിൽ പ്രവർത്തിക്കുന്ന ആസ്റ്റൻ ആശുപത്രിയിലെയും ഇരിങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന മെട്രോ ആശുപത്രിയിലെയും ജീവനക്കാരിലാണ് കൊറോണ വ്യാപനം ഉണ്ടായത്. ആസ്റ്റൻ
ആശുപത്രിയിലെ ടെക്നീഷ്യന് കോവിഡ് 19 സ്ഥിരീകരിച്ചത്തിനെ തുടർന്ന് ജീവനക്കാരിൽ നടത്തിയ പരിശോധനയിൽ 18 ഓളം പേരുടെ ടെസ്റ്റ് പോസിറ്റീവായിരുന്നു. ഇതേതുടർന്ന് ആശുപത്രിയുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്‌. ഈ ആശുപത്രിയുമായി വിവിധ തലങ്ങളിൽ സഹകരിച്ച്  പ്രവർത്തിക്കുന്ന ബൈപ്പാസിനരികെ ഇരിങ്ങല്ലൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മെട്രോ ആശുപത്രിയിലെ 2 പേർക്ക് കോവിഡ് സ്ഥരീകരിച്ചതിനെ തുടർന്ന് 45 ഓളം ജീവനക്കാരിൽ 28 ജൂലൈ 2020 ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ 9 ജീവനക്കാർക്കു കൂടിയാണ് കോവിഡ് 19 പോസിറ്റീവായത്‌.  ആശുപത്രിയിലെത്തിയ കോഴിക്കോട് ആരോഗ്യ വിഭാഗം മൊബൈൽ യൂനിറ്റ്  ആണ് ആൻ്റീജൻ ടെസ്റ്റ് നടത്തിയത്‌. ഇതോടെ നിരവധി പേർ നിരീക്ഷണത്തിലേക്ക് മാറിയിട്ടുണ്ട്.. 200 ഓളം ജീവനക്കാരുള്ള ആശുപത്രിയിൽ പരിശോധനയുടെ എണ്ണം കുറച്ചതിൽ ദുരൂഹതയുണ്ടെന്നുമുള്ള ആക്ഷേപവും ഉയർന്നിരുന്നു.
തുടർന്നുള്ള ദിവസങ്ങളിലും അശുപത്രിയിലെ ചില ജീവനക്കാരിലും സമ്പർക്കത്തിലായവരിലും രോഗം സ്ഥിതീകരിച്ചതോടെ ആശുപത്രിയിലെ മുഴുവൻ ജീവനക്കാരിലും അടിയന്തിരമായി പരിശോധനകൾ നടത്തണമെന്നും ക്വാറൻ്റയിൻ ഉറപ്പു വരുത്തണമെന്നുമുള്ള ആവശ്യവും ശക്തമായി. വിഷയത്തിൽ കോഴിക്കോട് ഡി.എം.ഒ യുടെ നിർദ്ദേശാനുസരണം ഇന്നലെയും ഇന്നുമായി (31 ജൂലൈ 2020) ആശുപത്രി ജീവനക്കാരിലെ കോവിഡ് പരിശോധന പുരോഗമിക്കുകയാണ്. ഗവൺമെൻ്റ് ആംഗീകാരമുള്ള സ്വകാര്യ ലാബാണ് പരിശോധനകൾ നടത്തുന്നത്. നിലവിൽ ആശുപത്രിയിലെ ഒ.പി.വിഭാഗം പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. കിടപ്പു രോഗികളെ ഒഴിപ്പിക്കൽ തുടരുകയാണെന്നുമാണ് ലഭിക്കുന്ന വിവരം. പ്രദേശങ്ങളിലെ നിരവധി പേർ ഈ ആശുപത്രിയിൽ ജീവനക്കാരായുള്ളതിനാലും വിവിധ ആവശ്യങ്ങൾക്കായി ആശുപത്രിയുമായി സമ്പർക്കത്തിലായവർ നിരവധി പേർ ഉള്ളതിനാലും പ്രദേശവാസികൾക്ക് ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച പ്രദേശത്തെ എല്ലാ വഴികളിലൂടെയും വാഹനത്തിലെത്തി ഉച്ചഭാഷണി ഉപയോഗിച്ച് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രഥമ സമ്പർക്കത്തിലുള്ള പലചരക്ക് കട അടപ്പിക്കുകയും ഉടമക്ക് നിരീക്ഷണത്തിലിരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ആർ.ആർ.ടി പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും ചേർന്ന് പ്രദേശത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
പ്രദേശത്തുകാർക്കായി അടിയന്തിരമായി കോവിഡ് ടെസ്റ്റ് സൗകര്യം ഒരുക്കണമെന്ന ആവശ്യവും അധികാരികളുടെ മുമ്പിലുണ്ട്.

Post a Comment