കുന്നത്തുപാലം
4 മാർച്ച് 2021:
കുന്നത്തുപാലം ഒളവണ്ണ എ.എൽ.പി.സ്കൂൾ നവതിയുടെ നിറവിൽ. നവതി ആഘോഷങ്ങൾ 2021 മാർച്ച് 7 ഞായർ 3 മണിക്ക് കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥ് ഓൺ ലൈനായി നിർവഹിക്കും.
ചടങ്ങിൽ കുന്ദമംഗലം MLA അഡ്വക്കറ്റ് പി.ടി.എ.റഹീം അധ്യക്ഷത വഹിക്കും ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുമാരി ശാരുതി പി, ജനപ്രതിനിധികൾ, പൂർവ്വ അധ്യാപകർ, പൂർവ്വ പി.ടി.എ പ്രസിഡണ്ടുമാർ, മറ്റു പ്രമുഖ വ്യക്തികൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
ഗൂഗിൾ മീറ്റ് വഴിയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങിനു ശേഷം വിദ്യാർത്ഥികൾ ഓൺലൈനായി കലാപരിപാടികൾ അവതരിപ്പിക്കും.
നവതി ആഘോഷം 2021 ജനുവരിയിൽ തുടങ്ങി 2021 ഡിസംബറിൽ സാംസ്കാരിക സമ്മേളനത്തോടെ സമാപിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ആഘോഷത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമം,
പൂർവ്വ അധ്യാപക സംഗമം , പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, കൊച്ചു കുട്ടികൾക്കായി കളറിംഗ് മത്സരം, രക്ഷിതാക്കൾക്കുള്ള ശിൽപശാലകൾ,
ഡിജിറ്റൽ മാഗസിൻ പ്രകാശനം തുടങ്ങി ധാരാളം പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
1931 ൽ ദേവദത്തൻ എന്ന സാമൂഹിക പരിഷ്ക്കർത്താവ് നിശാ പാഠശാലയായി ആരംഭിച്ചതാണ് ഈ വിദ്യാലയം.
ഇന്ന് ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ തൊള്ളായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. ഉന്നതനിലവാരമുള്ള പ്രാഥമിക വിദ്യാഭ്യാസം എന്ന ആശയം സാങ്കേതിക മികവിലൂടെ എത്തി പ്പിടിക്കുകയാണ് ഒളവണ്ണ എ എൽ പി സ്കൂൾ. ഓരോ വിദ്യാർഥിയുടെയും അഭിരുചിയ്ക്കനുസരിച്ചുള്ള പഠന സാഹചര്യം ഒരുക്കാനും സ്വയം പഠന ശേഷി വികസിപ്പിക്കാനുമുള്ള ഐടി മേഖലയുടെ സാധ്യത മികച്ച രീതിയിലാണ് ഈ വിദ്യാലയം ഉൾക്കൊണ്ടത്. 2018 ൽ തന്നെ ഈ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക്കായി മാറ്റിയിട്ടുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്ന ഈ സ്കൂളിൽ നിന്നും കഴിഞ്ഞ അധ്യയന വർഷം 16 വിദ്യാർത്ഥികൾ എൽ എസ് എസ് ജേതാക്കളായി. അതേപോലെ പോലെ കോഴിക്കോട് റൂറൽ ഉപജില്ലാ കലാമേളയിൽ തുടർച്ചയായ 15 വർഷങ്ങളായി ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്താനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഉപജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഫസ്റ്റ് റണ്ണറപ്പ്, റൂറൽ ഉപജില്ലാ അറബി കലോത്സവത്തിൽ ഫസ്റ്റ് റണ്ണറപ്പ് എന്നിവയും ഈ വിദ്യാലയത്തിൻ്റെ കഴിഞ്ഞ വർഷത്തെ നേട്ടങ്ങളാണ്. കാര്യക്ഷമമായ പി.ടി.എ, എം .പി .ടി .എ സംവിധാനങ്ങളും അധ്യാപകരുടെ ആത്മാർപ്പണത്തോടെയുള്ള പ്രവർത്തനവുമാണ് ഈ വിദ്യാലയത്തിന്റെ മികവിന് അടിസ്ഥാനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ