പെരുമണ്ണ
17 സപ്തംബർ 2021
ഇരുവൃക്കകളും തകരാറിലായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന കോഴിക്കോട് പെരുമണ്ണ സ്വദേശിയായ 26 വയസ്സുള്ള അക്ഷയിൻ്റെ വൃക്ക മാറ്റി വെക്കുന്നതിനും തുടർചികിത്സയ്ക്കുമായി ആവശ്യമായ തുക സുമനസ്സുകളുടെ സഹായത്തോടെ സ്വരൂപിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അക്ഷയിൻ്റെ ചികിത്സയ്ക്ക് ആവശ്യമായ തുക സ്വരൂപിക്കാൻ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ അക്ഷയ് ചികിത്സാ സഹായ കമ്മിറ്റി എന്നപേരിൽ 23 അംഗ കമ്മിറ്റി രൂപീകരിച്ചാണ് ധനസമാഹരണം നടത്തിയത്. പഞ്ചായത്തിലെ വാർഡുകൾ തോറും കയറിയിറങ്ങി ജനങ്ങളുടെ കയ്യിൽ നിന്ന് നേരിട്ട് പിരിച്ചും പൊതു പ്രവർത്തകനായ അഡ്വ ഷമീർ കുന്നമംഗലത്തിൻ്റെ സഹായത്തോടെ ഫേസ്ബുക്ക് പേജിലൂടെ സഹായം അഭ്യർത്ഥിച്ച് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സുമനസ്സുകളുടെ കാരുണ്യവും കൊണ്ടുമാണ് ആവശ്യമായ തുക സമാഹരിക്കാൻ കഴിഞ്ഞത്. ആകെ 6437410 രൂപയാണ് സമാഹരിച്ചത്. ഇതിൽ നിന്നും അക്ഷയിൻ്റെ കിഡ്ണി മാറ്റിവെക്കൽ ചികിത്സയ്ക്കായി 4650000 രൂപ 16 സപ്സംതംബർ 2021 ന് പെരുമണ്ണയിൽ സംഘടിപ്പിച്ച ചടങ്ങിൽ കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ സി ഉഷ അക്ഷയിൻ്റെ അച്ചൻ അരവിന്ദാക്ഷന് കൈമാറി. ബാക്കി വന്ന തുക വിവിധ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരുന്ന സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന 29 കുടുംബങ്ങൾക്ക് ഇതേ വേദിയിൽ വച്ച് തന്നെ കൈമാറി. ദിനേശ് പെരുമണ്ണ, കമ്മറ്റി കൺവീനർ വി.ടി.മനോജ്, ട്രഷറർ ദിപിൻ എം.കെ. തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കുകൊണ്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ