തരിശുഭൂമികൾ കൃഷിയോഗ്യമാക്കാൻ
പദ്ധതികളുമായി ബ്ലോക്ക് പഞ്ചായത്ത്.
കോഴിക്കോട്
മാത്തറ
22 മാർച്ച് 2022
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പുതിയ ബഡ്ജറ്റ് അവതരിപ്പിച്ചു. 2022 - 23 വർഷത്തെ പദ്ധതികളിൽ തരിശുഭൂമികൾ കൃഷിയോഗ്യമാക്കി കൃഷി വ്യാപിപ്പിക്കാനാണ് ഊന്നൽ നൽകിയിട്ടുള്ളത് .
കാലാകാലങ്ങളായി തരിശുകിടക്കുന്ന തരിശുഭൂമികൾ കൃഷിയോഗ്യമാക്കുക, ശുചിത്വ ബ്ലോക്ക് ആക്കുന്നതിൻ്റെ ഭാഗമായി വീടുകളിൽ ജൈവമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുക, അതിദാരിദ്രർക്ക് പിന്തുണ നൽകുവാനായി നിശ്ചിത വരുമാനം ഉറപ്പു വരുത്തുന്ന സംരംഭങ്ങൾ ആരംഭിക്കുക എന്നീ പദ്ധതികൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.
13,55,73,922 രൂപ വരവും 13,15,40,800 രൂപ ചിലവും 40,33,122 രൂപ മിച്ചം പ്രതീക്ഷിക്കുന്നതുമാണ് ബഡ്ജറ്റ്.
മാത്തറയിലെ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രവി പറശ്ശേരിയാണ് ബജറ്റ് റിപ്പോർട്ട് അവതരിപ്പിച്ചത്.
പ്രസിഡൻ്റ് സജിത പൂക്കാടൻ ചടങ്ങിൽ അദ്ധ്യക്ഷയായിരുന്നു.
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് വേണ്ടി, വയോജന ക്ഷേമ പ്രവർത്തനങ്ങൾക്ക്, അങ്കൻവാടി നവീകരണത്തിന്, നീന്തൽ പരിശീലനം, തൊഴിൽ നൈപുണ്യവികസനകേന്ദ്രം എന്നീ പദ്ധതികൾക്ക് ബജറ്റിൽ പണം നീക്കിവച്ചിട്ടുണ്ട്.
സ്ത്രീകൾക്ക് സമൂഹത്തിൽ ഉയർന്ന സ്ഥാനം നൽകുന്നതിന് നിരവധി പദ്ധതികളും ഉള്ള ജെൻഡർ ബജറ്റ് ആണ് അവതരിപ്പിച്ചത്. ആരോഗ്യ മേഘലയിൽ നിരവധി പ്രവർത്തനങ്ങളും ലക്ഷ്യമിടുന്നതാണ് ബഡ്ജറ്റ്.
കിഡ്നി, ക്യാൻസർ രോഗികൾക്കായി നന്മ പദ്ധതി, സുസ്ഥിര ആരോഗ്യ പദ്ധതി, സിഡിഎംസിയുടെ പ്രവർത്തനം, മാസ്റ്റർ പ്ലാൻ തയ്യാറാക്കി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കൽ, എന്നീ പദ്ധതികൾ ഉൾപ്പെടുത്തി ആരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിക്ക് ബജറ്റ് മുൻഗണന നൽകുന്നു.
ലൈഫ്, പിഎംഎവൈ തുടങ്ങിയ ഭവന പദ്ധതികൾ, മത്സ്യത്തൊഴിലാളി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, പട്ടികജാതി കോളനിയിലെ അടിസ്ഥാന സൗകര്യ വികസനം, മൃഗസംരക്ഷണം, ക്ഷീരവികസനം, ദുരന്തനിവാരണത്തിന് റസ്ക്യു മിഷൻ്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ, ദുർബല വിഭാഗങ്ങൾക്ക് സംരഭങ്ങൾ ആരംഭിക്കുന്നതിന് ഭൂമി വാങ്ങുക, തുടങ്ങിയ നിരവധിയായ ജനോപകാര പ്രദമായ പദ്ധതികൾക്കും ഈ ബജറ്റിൽ അർഹമായ പരിഗണന നൽകിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ