പെരുമണ്ണ
19 ജൂൺ 2022
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ മുന്തിയ പരിഗണനൽകുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത 45 മീറ്റർ വീതിയിൽ നിർമ്മിക്കുക എന്നത് സംസ്ഥാനത്തിന്റെ ഏറെ കാലത്തെ ആഗ്രഹമായിരുന്നുവെന്നും നടപടികൾ സമയബന്ധിതമായി പൂർത്തീകരിച്ച് 2025 ഓടെ നാടിന് സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് ബസ്റ്റാന്റിൽ പി.ടി.എ.റഹീം എം.എൽ എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി പൂർത്തീകരിച്ച മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊളാട്ടിൽ മാധവൻ മാസ്റ്റർ സ്മാരക ബസ് ടെർമിനലും എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് ബസ്റ്റാന്റിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.ടി.എ.റഹീം എം.എൽ.എ. അധ്യക്ഷനായി. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് പരിധിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും
സാംസ്ക്കാരിക നിലയം നിർമ്മിക്കുന്നതിന് തെക്കേടത്ത് അശോകന്റെ കുടുംബം സൗജന്യമായി ഗ്രാമ പഞ്ചായത്തിന് വിട്ട് നൽകുന്ന മൂന്ന് സെന്റ് സ്ഥലത്തിന്റെ രേഖകൾ ഏറ്റുവാങ്ങൽ ചടങ്ങും മന്ത്രി നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, വൈസ് പ്രസിഡന്റ് സി.ഉഷ, ജില്ലാ പഞ്ചായത്തംഗം രാജീവ് പെരുമൺ പുറ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ.ആർ രാധിക, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ