രാമനാട്ടുകര
പാറമ്മൽ
24 ഡിസംബർ 2022
ദേശീയ പാതയിൽ രാമനാട്ടുകരക്ക് സമീപം പാറമ്മൽ ജംഗ്ഷനിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി നാട്ടുകാർ പ്രക്ഷോഭമാരംഭിച്ചു.
ഏറെ ജനസാന്ദ്രതയുള്ള പ്രദേശമായ പാറമ്മൽ പുതുക്കോട് ഭാഗങ്ങളിലേക്ക് പോകുവാൻ പാറമ്മൽ ജംഗ്ഷനിൽ അടിപ്പാത വേണമെന്ന ആവശ്യവുമായാണ് ജനങ്ങൾ ആക്ഷൻ കമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭം തുടങ്ങിയിട്ടുള്ളത്.
പാറമ്മൽ - പുതുക്കോട് അണ്ടർപ്പാസ് ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ എച്ച് ബൈപ്പാസിന് സമീപം പാറമ്മൽ ജംഗ്ഷനിലാണ് വെള്ളിയാഴ്ച വൈകുന്നേരം ബഹു ജനധർണ നടത്തിയത്. വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പി വാസുദേവൻ ഉദ്ഘാടനം ചെയ്തു.
അടിപ്പാത നിർമ്മിക്കണമെന്ന ജനവികാരം അധികാരികൾ കണക്കിലെടുക്കണമെന്നും വിഷയത്തിൽ അടിയന്തിര നടപടികളുണ്ടാകണമെന്നും അല്ലാത്ത പക്ഷം കൂടുതൽ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ എം.പിമാർക്കും ഹൈവേ വിഭാഗത്തിനുമെല്ലാം നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബൈപ്പാസ് ഉപരോധ മടക്കമുള്ള സമരപരിപാടികൾ വരും ദിവസങ്ങളിൽ നടത്തുമെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികളും പറഞ്ഞു.
ദേശീയ പാത 6 വരിയാക്കുന്നതിൻ്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പാതക്ക് സമാന്തരമായി എല്ലായിടങ്ങളിലും സർവ്വീസ് റോഡുകളും ഉണ്ടാകും. എന്നാൽ ഒരു വശത്ത് നിന്നും മറുവശത്തേക്ക് കടക്കണമെങ്കിൽ അണ്ടർ പാസോ ഓവർ പാസോ ഉള്ളയിടം വരെയും പോകേണ്ടതുണ്ട്.
നൂറ് കണക്കിന് നാട്ടുകാർ പങ്കെടുത്ത ബഹുജന ധർണ്ണയിൽ
ആക്ഷൻ കമ്മിറ്റി ചെയർമാനും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ കെ ജിദ്ദു ആദ്ധ്യക്ഷ്യനായി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷിജിനി ഉണ്ണി, ജില്ലാ പഞ്ചായത്ത് മെമ്പർ സുഭദ്ര ശ്രീനിവാസൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വിമല പാറക്കണ്ടത്തിൽ, ചന്ദ്രിക, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മിനി കോലോത്തോടി, പഞ്ചായത്ത് പ്രതിനിധികളായ എ വി അനിൽകുമാർ, എം വാസുദേവൻ, ജൗഹറ, സജ്ന മലയിൽ
കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പ്രദീപ് അമ്പാളിൽ, ഇ.കെ ഫാറൂഖ്, അബ്ദുൾ അസീസ്, അനീഷ് എ കെ, അഖിൽ താമരത്ത്, സമദ് മുറാദ് ,കെ എ വേണുഗോപാലൻ, രാധാകൃഷ്ണൻ പുതുക്കോട്, വാഴയൂർ സർവ്വീസ് ബാങ്ക് പ്രസിഡൻ്റ് കെ സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. കൺവീനർ കെ കൃഷ്ണൻ സ്വാഗതവും പി കെ വിനോദ് കുമാർ നന്ദിയും രേഖപ്പെടുത്തി .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ