Header Ads Widget

Responsive Advertisement
പെരുമണ്ണ 
23 മാർച്ച് 2023

നിർദ്ദിഷ്ട പാലക്കാട് - കോഴിക്കോട് ഗ്രീൻ ഫീൽഡ് പാത (എച്ച്. 966) ക്കായി വിട്ടു നൽകുന്ന ഭൂമിയുടെ ഉടമകൾക്ക് നേരത്തെ വാഗ്ദാനം നൽകിയ നഷ്ടപരിഹാരതുക നൽകാൻ തയ്യാറാകാത്ത  നടപടിയിൽ പ്രതിഷേധിച്ച് സ്ഥലഉടമകൾ വഴിതടയൽ സമരം നടത്തി. 
പെരുമണ്ണ അങ്ങാടിയിലാണ് സമരം സംഘടിപ്പിച്ചത്. ഭൂവുടമകളെ ജില്ലാ ഭരണകൂടം വഞ്ചിച്ചെന്നാരോപിച്ച് ഗ്രീൻഫീൽഡ്പാതക്കായി ഭൂമിയും കെട്ടിടങ്ങളും വിട്ട് നൽകേണ്ടി വരുന്നവരുടെ കോഴിക്കോട് ജില്ലാ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ മാങ്കാവ് - കണ്ണിപറമ്പ് റോഡിൽ പെരുമണ്ണ ഗ്രാമീണ വായനശാലക്ക് സമീപമാണ് റോഡ് ഉപരോധിച്ചത്.
 കോഴിക്കോട് ജില്ലയിലെ ഒളവണ്ണ മുതൽ പാലക്കാട് ജില്ലയിലെ മരുതറോഡ് വരെ 121 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഗ്രീൻ ഫീൽഡ് ഹൈവേ നിർമ്മിക്കുന്നത്.  കോഴിക്കോട് ജില്ലയിൽ കുടത്തുംപാറയിൽ നിന്നും തുടങ്ങി വെള്ളായിക്കോട് വരെ ഏഴ് കിലോമീറ്ററിൽ താഴെ മാത്രം ദൂരമാണ് റോഡിനുണ്ടാവുക. പെരുമണ്ണ പഞ്ചായത്തിലെ ഒരു വാർഡിൽ മാത്രം 52 കുടുംബങ്ങളാണ് ഒഴിയേണ്ടി വരുന്നത്.
 2013ലെ ദേശീയ പാത ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം പട്ടിക ഒന്ന് പ്രകാരമാണ് ഭൂമി ഏറ്റെടുക്കുകയെന്നും നിയമത്തിലെ പട്ടിക രണ്ട് വ്യവസ്ഥ പ്രകാരം പുനരധിവാസ പാക്കേജ് നടപ്പിലാക്കുമെന്നും 2013ലെ ഭൂമി ഏറ്റെടുക്കൽ പ്രകാരമാണ് ഭൂമിയുടെ മാർക്കറ്റ് വില നിശ്ചയിക്കുകയെന്നും സ്ഥലം എം.എൽ.എ ,പി.ടി.എ.റഹീമിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഈ വാഗ്ദാനങ്ങൾക്കെല്ലാം ഘടക വിരുദ്ധമായ തീരുമാനങ്ങൾ ജില്ലാ ഭരണകൂടത്തിൽ നിന്നും ഉണ്ടായതിനെ തുടർന്ന് നേരത്തെ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ഥലമെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറെ ഉപരോധിച്ചിരുന്നു. എ.ഡി.എം. ഇടപെട്ട് നടത്തിയ ചർച്ചയിൽ വില തീരുമാനമാക്കിയാണ് സമരം അവസാനിപ്പിച്ചത്. തുടർന്ന്  വസ്തുവിന്റെ ഒറിജിനൽ പ്രമാണങ്ങൾ  പുത്തൂർമഠം സ്കൂളിൽ വെച്ച് നടന്ന ക്യാംപിൽ ജില്ലാ ഭരണകൂടം പരിശോധിച്ച് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നിശ്ചയിച്ച തുക നൽകാൻ കഴിയില്ല എന്ന് ഉദ്യാഗസ്ഥർ പിന്നീട് അറിയിച്ചതോടെയാണ്
ഭൂവുടമകൾ വഴി തടയൽ സമരത്തിനിറങ്ങിയത്. അർഹമായ നഷ്ട പരിഹാരം ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും വഴിതടയൽ സമരം ഉത്ഘാഘാടനം ചെയ്യവെ
ഗ്രീൻ ഫീൽഡ് പാത സംസ്ഥാന ആക്ഷൻ കമ്മറ്റി ഭാരവാഹിയും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ ദിനേശ് പെരുമണ്ണ വ്യക്തമാക്കി.
 ജില്ലാ ആക്ഷൻ കമ്മറ്റി ചെയർമാൻ കെ.ടി. മൂസ്സ അധ്യക്ഷനായി. സംസ്ഥാന കമ്മറ്റി ഭാരവാഹി കെ.ഇ. ഫസൽ, വി.പി. കബീർ, റഷീദ് കച്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment