പെരുമണ്ണ
27 ഏപ്രിൽ 2023
നവകേരളം വൃത്തിയുള്ള കേരളം - വലിച്ചെറിയൽ മുക്ത കേരളം ജനകീയ മാലിന്യ മുക്ത ക്യാമ്പയിൻ പ്രവത്തനത്തിന്റെ ഭാഗമായി പെരുമണ്ണ ഗ്രാമപഞ്ചായത്ത് തല കൂടിയിരുപ്പ് യോഗം ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
നേരത്തെ തന്നെ ക്ലീൻ പെരുമണ്ണ ഗ്രീൻ പെരുമണ്ണ പേരിൽ ജനകീയ പങ്കാളിതത്തോടെ മികച്ച രീതിയിൽ മാലിന്യ മുക്ത പ്രവർത്തനം നടത്തുന്ന പഞ്ചായത്ത് ആണ് പെരുമണ്ണ എന്നും സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ പരിപാടിയിൽ മുഴുവൻ വിഭാഗം ആളുകളുടെയും പിന്തുണ നൽകണം എന്നു അഭ്യർത്ഥിച്ചു സംസാരിച്ചു.
കോഴിക്കോട് ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനും ശുചിത്വ മാലിന്യ സംസ്കരണ മേഖലയിൽ വിദഗ്ദ്ധനുമായ മണലിൽ മോഹനൻ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും ബ്രഹ്മപുരം തീപിടുത്തതിന്റെയും ദേശീയ ഹരിത ട്രൈബ്യുണൽ, ബഹു. ഹൈക്കോടതി ഉത്തരവുകളുടെയും പശ്ചാത്തലത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഏറ്റെടുക്കേണ്ട പ്രവർത്തനത്തെ കുറിച്ചും വിശദമായി ക്ലാസ്സെടുത്തു. തുടർന്ന് പരിപാടിയിൽ പങ്കെടുത്തവരുമായി ചർച്ച നടത്തുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി 2023 മെയ് 30 വരെ നടത്തേണ്ട പ്രവർത്തന കലണ്ടർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രദീഷ് വിശദീകരിച്ചു.
പരിപാടിയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാധിക സ്വാഗതം പറയുകയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ അധ്യക്ഷത വഹിച്ചു സംസാരിക്കുകയും ചെയ്തു. വാർഡ് മെമ്പർമാരായ കബീർ, രാജൻ ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ ദീപ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.
പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവ ജന സംഘടന പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, വ്യാപന വ്യവസായ സ്ഥാപന പ്രതിനിധികൾ, ഹരിതകർമ്മസേന അംഗങ്ങൾ, ആശാവർക്കാർമാർ, കുടുബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി മെയ് 1 ന് പൊതു ഇടങ്ങളുടെ ശുചീകരണം, മെയ് 2 നകം കടകളിൽ നിന്നും 100 ശതമാനം യൂസർ ഫീ ഉറപ്പു വരുത്തുന്നുണ്ട് എന്നു ഉറപ്പ് വരുത്തണം. മെയ് 5 ന് മുഴുവൻ വാർഡുകളിലും ശുചിത്വ ഹർത്താൽ, മെയ് 15 നകം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉൾപ്പെടെയുള്ള ഘടക സ്ഥാപനങ്ങൾ മാലിന്യമുക്തമാക്കി പ്രഖ്യാപിക്കൽ, മെയ് 10 ന് ഹരിതകേരളം മിഷൻ വിഭാവനം ചെയ്യുന്ന 'ഇനി ഞാനൊഴുകട്ടെ ക്യാമ്പയിനിന്റെ ഭാഗമായി ജലാശയ ശുചീകരണം, മെയ് 15 ന് മാലിന്യ മുക്ത വാർഡ് പ്രഖ്യാപനം എന്നിവ നടത്തും.
അതോടൊപ്പം മാലിന്യം വലിച്ചെറിച്ചെറിയൽ, കത്തിക്കൽ, ഹരിതകർമ്മസേനക്ക് കൈമാറതിരിക്കൽ എന്നിവക്കെതിരെ നടപടി സ്വീകരിക്കുമെന്നും 2024 ജനുവരി 1 ന് പെരുമണ്ണ ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് ആയി പ്രഖ്യാപിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ നടത്തുമെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ