ഒളവണ്ണ
26 ജൂൺ 2023
ഒളവണ്ണ പഞ്ചായത്തിൽ പള്ളിപ്പുറത്ത് വയൽ നികത്തിയവർക്കെതിരെ നടപടി. കുളംകുഴിച്ച് മീൻ വളർത്താൻ അനുമതി ഉണ്ടെന്ന പേരിലാണ് പള്ളിപ്പുറത്ത് ആദ്യം വയലിൽ കുളം കുഴിച്ചത്.
തുടർന്നാണ് വാഴനടൽ ആരംഭിച്ചത്. വിവരമറിഞ്ഞ വില്ലേജ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അനുമതി രേഖകൾ ഇല്ലെന്ന് വ്യക്തമാവുകയും ചെയ്തതോടെ സ്ഥലത്തെ എല്ലാ പ്രവർത്തികളും തടഞ്ഞ് വില്ലേജ് ഓഫീസർ ഉടമക്ക് സ്റ്റോസ്റ്റോപ് മെമ്മോ നൽകി. ഇത് അവഗണിച്ചാണ് സ്ഥലമുടമ വയലിൽ കരിങ്കല്ലും ചെങ്കല്ലും ഉപയോഗിച്ച് അതിർത്തി കെട്ടി ഉയർത്തുകയും വാഴ വെക്കുകയും മണ്ണിട്ട് നികത്തുകയും ചെയ്തത്. വിഷയത്തിൽ നിരവധി പരാതികളും പ്രദേശത്തുകാർ നൽകിയിരുന്നു. ടിപ്പറിൽ മണ്ണ് കൊണ്ട് വന്ന് പറമ്പിൽ തട്ടിയ ശേഷം വാഴക്ക് മണ്ണിടൽ എന്ന പേരിൽ തലച്ചുമടായിട്ടാണ് മണ്ണെത്തിച്ചതും നികത്തൽ തുടർന്നതും.
ഇതിനോടകം സ്ഥലത്ത് വൈദ്യുതി കണക്ഷനും സ്ഥാപിച്ചിട്ടുണ്ട്. വിവിധ ആളുകൾക്ക് സ്ഥലം ഇഷ്ടദാനമായി നൽകി നിയമങ്ങളെ കാറ്റിൽ പറത്തിയുള്ള വയൽ നികത്തലാണ് സ്ഥലത്ത് നടക്കുന്നത്. ഇതോടെയാണ് വയൽ നികത്തിയ സ്ഥലമുടമക്കെതിരെ ഒളവണ്ണ വില്ലേജ് ഉദ്യോഗസ്ഥർ മറ്റു നടപടികൾ ആരംഭിച്ചത്.
വിഷയം മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും മണ്ണ് എടുത്തു മാറ്റി വയൽ പൂർവ്വസ്ഥിതിയിലാക്കാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വില്ലേജ് ഓഫീസർ പറഞ്ഞു. പ്രദേശത്ത് വയൽ നികത്തിയ മറ്റൊരു ഉടമക്കെതിരെ ഉള്ള കോടതി നടപടികൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ