പെരുമണ്ണ:
27 സപ്തംബർ 2023
പെരുമണ്ണ പഞ്ചായത്ത് മാലിന്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങുന്നു. ഇതിനായി
നടക്കുന്ന ക്ലീൻ പെരുമണ്ണ ഗ്രീൻ പെരുമണ്ണ ക്യംപയിൻ മുന്നേറുകയാണ്.
മാലിന്യപ്രശ്ന പരിഹാര നടപടികളിൽ പഞ്ചായത്തിനെ സഹയിക്കാൻ സ്കൂൾ കുട്ടികളും രംഗത്തെത്തി.
പഞ്ചായത്തിലെ മാലിന്യ പ്രശ്നങ്ങൾ പഠിച്ച് പരിഹാരങ്ങൾ നിർദ്ദേശിക്കുക എന്ന ഉദ്ദേശത്തോടെ പെരുമണ്ണ ഇ.എം.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ 88 ഓളം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് ഇന്ന് സർവ്വേ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കുട്ടികൾ വിവിധ സംഘങ്ങളായി പിരിഞ്ഞ് പഞ്ചായത്തിലെ മാലിന്യ പ്രശ്നങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തും. മാലിന്യം വലിച്ചെറിയാനുള്ള സാഹചര്യം, മാലിന്യ നിർമ്മാജ്ജന പ്രവർത്തനങ്ങളിൽ ഉള്ള പൊതു ജനപങ്കാളിത്തം, മാലിന്യ നീക്കത്തിന് നിലവിലുള്ള സംവിധാനങ്ങൾ തുടങ്ങി വിവിധ തലങ്ങൾ കഡറ്റുകൾ പഠനവിധേയമാക്കും. തുടർന്ന് കണ്ടെത്തലും നിർദ്ദേശങ്ങളും അനുഭവങ്ങളും ഉൾക്കൊള്ളുന്ന വിശദമായ റിപ്പോർട്ട് ഗാന്ധിജയന്തി ദിനത്തിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കുമെന്നും കുട്ടികൾ പറഞ്ഞു. സർവ്വേ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് അറത്തിൽ പറമ്പ് സ്കൂളിനടുത്തുള്ള റോഡിനിരുവശവും കുമിഞ്ഞ് കൂടിയ മാലിന്യങ്ങൾ കാഡറ്റുകൾ നീക്കം ചെയ്തു.
ബസ് സ്റ്റാന്റ് ക്ലീൻ ചെയ്യുന്നതിന്റെ മുന്നോടിയായി ബസ് ജീവനക്കാരെ കേഡറ്റുകൾ ബോധവത്കരിച്ചു. ഇന്നത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് സീനിയർ കേഡറ്റ് ടി.ഹരിഗോവിന്ദ് നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത്, ഹരിത കേരള മിഷൻ കോർഡിനേറ്റർ രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. ഉഷ, വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ പ്രതീഷ്, എസ്.പി.സി പ്രസിഡന്റ് എം.പി അബ്ദുൾ റഷീദ്, സി.പി.ഒ കെ.ശറഫുദ്ദീൻ തുടങ്ങിയവർ കേഡറ്റുകൾക്ക് പിന്തുണയുമായി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ