കോഴിക്കോട്
25 ഒക്ടോബർ 2023
അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാല 2023 ൽ പ്രസിദ്ധീകരിച്ച മികച്ച ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി രണ്ടാം തവണയും
ന്യൂക്ലീയർ ഫിസിക്സ് ഗവേഷകൻ
ഡോ. കെ.പി.സന്തോഷ് ഇടം നേടി.
കാലിക്കറ്റ് സർവകലാശാല ഭൗതിക ശാസ്ത്ര പഠന വിഭാഗത്തിൽ നിന്നും വിരമിച്ച ശാസ്ത്രജ്ഞനും (സി.എസ്. ഐ.ആർ), പയ്യന്നൂർ കോളേജ് ഭൗതിക ശാസ്ത്ര പഠന വിഭാഗം മുൻ അധ്യാപകനും, കണ്ണൂർ സർവകലാശാല ഭൗതിക ശാസ്ത്ര പഠന വിഭാഗം മുൻ പ്രൊഫസറും വകുപ്പ് തലവനുമായിരുന്ന ഡോ. കെ.പി.സന്തോഷ് കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശിയാണ്. ഗവേഷണ മികവ്, പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളുടെ നിലവാരം, എണ്ണം, സൈറ്റേഷൻ, എച്ച് ഇൻഡക്സ് എന്നിവയുടെ അടിസ്ഥാനത്തിൽ
ലോക റാങ്കിങ്ങിൽ മികച്ച രണ്ടു ശതമാനത്തിലാണ് ന്യൂക്ലിയർ ഫിസിക്സ് വിഭാഗത്തിലായി ഡോ.കെ. പി.സന്തോഷ് ഉൾപ്പെട്ടത്. 22 മേഖലകളിലെ 176 ഉപമേഖലകളിൽ നിന്നുള്ള 8.5 ദശലക്ഷം ശാസ്ത്രജ്ഞരുടെ പട്ടികയിൽ നിന്നാണ് പരിഗണിച്ചത്. അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന ആണവ ശാസ്ത്രജ്ഞനായ ഡോ.കെ.പി. സന്തോഷ് 130 ഗവേഷണ പ്രബന്ധങ്ങൾ വിവിധ അന്തർദേശീയ ജേർണലുകളിൽ പ്രസിദ്ധീകരിക്കുകയും, 100 ൽ പരം ദേശീയ അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആണവ ശാസ്ത്ര മേഖലയിലെ വിവിധ പ്രതിഭാസങ്ങളുടെ പഠനത്തിനായി 10 ന്യൂക്ലിയർ മോഡലുകളും, സെമി എംപിരിക്കൽ ഫോർമുലകളും ആവിഷ്കരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
സന്തോഷിന് കനേഡിയൻ ജേർണൽ ഓഫ് ഫിസിക്സ് 2019 ലും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് പബ്ലിഷിംഗ്, ബ്രിട്ടൻ 2020, 2021 വർഷങ്ങളിലും മികച്ച റിവ്യൂവർക്കുള്ള അവാർഡ് നൽകിയിട്ടുണ്ട്. ജർമനിയിലെ യൂറോപ്യൻ സയൻസ് ഇവാലുവേഷൻ സെൻറ്റർ പ്രസിദ്ധീകരിച്ച മികച്ച ആഗോള ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി നാലു വർഷം, (2020, 2021, 2022, 2023), ഇടം നേടിയിട്ടുണ്ട്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്സ് പഠന വകുപ്പിൽ 'ഹെവി മൂലകങ്ങളുടെ ഉല്പാദനവും അവയുടെ അപചയവും' എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനായി കേന്ദ്ര ഗവർമെൻറ് സ്ഥാപനമായ കൌൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡോ.കെ.പി. സന്തോഷിന് മൂന്ന് വർഷത്തെ ഫെല്ലോഷിപ്പ് നൽകിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ