പന്തീരങ്കാവ്
26 നവംബർ 2024
ഭാര്യയുടെ പുതിയ പരാതിയിൽ ഭർത്താവ് പന്തീരങ്കാവ് സ്വദേശി രാഹുൽ പി ഗോപാൽ റിമാൻ്റിലായി.
ഏറെ വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാലിനെതിരെ ഭാര്യ നൽകിയ പുതിയ പരാതിയിലാണ് പൊലീസ് നടപടി.
ശരീരമാസകലം മർദ്ദനമേറ്റ പാടുകളോടെ രാഹുലിന്റെ ഭാര്യയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മാതാപിതാക്കൾ എത്തിയ ശേഷം പന്തീരങ്കാവ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. മദ്യപിച്ച് എത്തിയ ശേഷം സ്ഥിരമായി മർദ്ദിക്കുന്നുവെന്ന് യുവതി പൊലിസിൽ പരാതി നൽകിയതോടെ പോലീസിനെ വെട്ടിച്ച് മുങ്ങിയ രാഹുലിനെ പാലാഴിഭാഗത്തു നിന്നുമാണ് പിടികൂടിയത്.
ഗാർഹിക പീഠനവും വധശ്രമവും അടക്കം ചുമത്തിയ കേസിൽ
രാഹുലിനെ കോടതി 14 ദിവസത്തേക്ക് ജയിലിലടച്ചു.
കഴിഞ്ഞ മെയിലാണ് ആദ്യം യുവതി രാഹുലിനെതിരെ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുക്കാൻ വൈകിയെന്ന ആരോപണം ഉയരുകയും പ്രതി വിദേശത്തേക്ക് കടക്കുകയും യുവതിയുടെ കുടുംബം പൊലീസിനെതിരെ രംഗത്ത് വരികയും ചെയ്ത സാഹചര്യം ഉണ്ടാവുകയും പോലീസ് ഉദ്യോഗസ്ഥർ സസ്പൻഷനിലാവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ബന്ധുക്കൾക്കെതിരെ പത്രസമ്മേളനം നടത്തിയ യുവതി, രാഹുലിനെതിരെയുള്ള സ്വന്തം പരാതി പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചതോടെ ആഴ്ചകൾക്ക് മുമ്പ് ഹെക്കോടതി ആദ്യ കേസ് അവസാനിപ്പിച്ചിരുന്നു.
തുടർന്ന് ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും യുവതി ഭർത്താവിൻ്റെ മർദ്ദനത്തിനിരയായത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ