പാലാഴി
29 ഏപ്രിൽ 2025
പാലാഴി പാലക്കുറ്റി പൊന്നങ്കോട് കുന്ന് റോഡിലെ ഓവുചാൽ നിർമ്മാണ പ്രവർത്തി ഇഴയുന്നു. 25 ലക്ഷം ചിലവിൽ റോഡിന് നടുവിലൂടെയുള്ള ഏതാണ്ട് 100 മീറ്റർ നീളത്തിലാണ് ഡ്രയിനേജ് നിർമ്മാണം.
എക്കാലത്തും വെള്ളക്കെട്ട് ഉണ്ടാകുന്ന റോഡിൻ്റെ ശോചനീയാവസ്ഥക്ക് ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചത്.
ഒന്നര മാസം കൊണ്ട് പൂർത്തിയാക്കും എന്ന് അധികൃതർ ഉറപ്പ് നൽകിയ പ്രവൃത്തി നാലു മാസത്തോളമായിട്ടും പൂർത്തീകരിക്കാനായിട്ടില്ല.
മൂന്നാഴ്ചയായി ഒരു പ്രവർത്തിയും നടക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. ഇതിനോടകം തന്നെ കുട്ടികൾക്ക് ഉൾപ്പെടെ ഒട്ടേറെ പേർക്ക് ഓവുചാലിൽ വീണ് പരിക്കേറ്റതായും വാഹനം വരാൻ കഴിയാത്തതിനാൽ രോഗികൾ ഉൾപ്പെടെയുള്ളവർ പ്രയാസത്തിലാണെന്നും പ്രദേശവാസികൾ പറഞ്ഞു.
ജലജീവൻ, വാട്ടർ അതോറിറ്റി, പഞ്ചായത്ത് കുടിവെള്ള പദ്ധതി പൈപ്പുകൾ പലയിടങ്ങളിലും ഡ്രൈനേജിൻ്റെ കോൺക്രീറ്റ് തുരന്നാണ് സ്ഥാപിക്കുന്നത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന ചോർച്ചകളും മറ്റും പരിഹരിക്കാൻ ഇത് വലിയ പ്രതിസന്ധിയാകും.
മഴ കനക്കുന്നതോടെ വലിയ തോതിൽ വെള്ളം ഒഴുകിയെത്തുമെന്നതിനാൽ അടിയന്തരമായി പ്രവൃത്തി പൂർത്തീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ