പന്തീരാങ്കാവ്
26 മെയ് 2025
പന്തീരങ്കാവിൽ ദേശീയ പാതയുടെ സർവ്വീസ് റോഡ് കയ്യേറി നിർമ്മാണം നടന്നിട്ട് മാസം ഒന്ന് പിന്നിട്ടിട്ടും ഹൈവേ അതോറിറ്റിയോ ഒളവണ്ണ ഗ്രാമപഞ്ചായത്തോ നടപടിയെടുത്തില്ല.
കെട്ടിടത്തിൽ നിന്നും നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് ദേശീയ പാതവരെയും നിർമ്മാണങ്ങൾ നടത്തിയ ശേഷമാണ് ഇപ്പോൾ ദേശീയപാത കയ്യേറിയും നിർമ്മാണങ്ങൾ നടത്തിയത്.
അനുമതിയോടെയാണ് നിർമ്മാണം
നടത്തിയതെന്നാണ് ആശുപത്രിയുടെ അധികൃതരുടെ വിശദീകരണം.
എന്നാൽ അനധികൃത നിർമ്മാണം പൊളിച്ചു മാറ്റണമെന്ന്
കോൺഗ്രസ്സ് പ്രവർത്തകർ ആവശ്യപ്പെട്ടു.
വിഷയം പഠിച്ചു വരികയാണെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ മാത്രമല്ല ആശുപത്രി നടത്തിയ കയ്യേറ്റത്തിനെതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്ന്
കോഴിക്കോട്ടെ ഫോർ ദി പബ്ലിക്ക് സംഘടനയുടെ ജനറൽ സെക്രട്ടറി രമേഷ് ബാബു അയനിക്കാട്ട് പറഞ്ഞു.
അതേ സമയം നിർമ്മാണ കമ്പനി ഉദ്യോഗസ്ഥർ വമ്പൻമാർക്ക് വഴിവിട്ട സഹായം നൽകുന്നുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബൈപ്പാസിൻ്റെ ഡ്രൈനേജിലേക്ക് പൈപ്പുകൾ സ്ഥാപിക്കുവാൻ സൗകര്യമൊരുക്കി എന്ന ആരോപണം ഉയർന്നിട്ടുണ്ട്.
നിർമ്മാണ കമ്പനിയിൽ പ്രവർത്തിക്കുന്ന മലയാളികളായ ഉദ്യോഗസ്ഥരാണ് ഇതിനു പിറകിൽ എന്ന ആരോപണവും ശക്തമാണ്.
ദേശീയപാതയുടെ കിഴക്ക് ഭാഗത്ത് അത്താണിക്ക് സമീപമായി നിരവധി ഇടങ്ങളിൽ സ്വകാര്യ വ്യക്തികൾ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ള കാഴ്ചകൾ ഈ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്.
ദേശീയപാതയിലെ വെള്ളം മാത്രം കൊണ്ടുപോകാൻ ഉള്ളതാണ് പാതക്ക് ഇരുവശത്തുമുള്ള ഡ്രൈനജ് എന്നാണ് നിർമ്മാണ കമ്പനി പറഞ്ഞിരുന്നത്. പ്രദേശത്തെ വെള്ളം ഒഴുക്കാൻ പഞ്ചായത്ത് മറ്റൊരു ഡ്രൈനജ് നിർമ്മിക്കട്ടെ എന്നതായിരുന്ന കമ്പനിയുടെ നിലപാട്. ഇരിങ്ങല്ലൂർ ഭാഗത്ത് കോമലക്കുന്നിൻ്റെ ചെരിവിൽ നിന്നും എത്തുന്ന വെള്ളമത്രയും ദേശീയ പാതക്കടിയിൽ സ്ഥാപിച്ച വലിയ പൈപ്പിലൂടെ ഇരിങ്ങല്ലൂർ വായനശാല ഭാഗത്തേക്ക് പതിക്കുകയാണ്. പ്രദേശത്ത് വലിയ വെള്ളക്കെട്ടിനും ഇത് കാരണമാകുന്നുണ്ട്.
മഴ കനത്തതോടെ ദേശീയപാതക്ക്
ഇരുവശത്തും പലയിടങ്ങളിലും വെള്ളം കെട്ടിക്കിടന്ന് കിണറുകൾ വരെ മലിനമാകുന്ന അവസ്ഥയാണ്.
പന്തീരങ്കാവിൽ ദേശീയ പാതക്കായി സ്ഥലം ഏറ്റെടുത്ത ശേഷം ആവശ്യപ്പെടുമ്പോൾ പൊളിക്കാം എന്ന വ്യവസ്ഥയിൽ അനുമതി നേടി ദേശീയ പാത കയ്യേറി നിർമ്മിച്ച കെട്ടിടങ്ങളുണ്ട്. പാതയുടെ പ്രവർത്തി അവസാനഘട്ടത്തിൽ എത്തിയിട്ടും ഇത്തരക്കാർക്കെതിരെയും അധികാരികൾ അനങ്ങിയിട്ടില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ