അറപ്പുഴ
31 ജൂലൈ 2025
ചാലിയാറിൻ്റെ അറപ്പുഴ ഭാഗത്ത് വ്യാപകമായി തീരം ഇടിയുന്നു. അറപ്പുഴ വരണാക്ക് റോഡിൽ കാനാങ്കോട്ട് പറമ്പ്, ആനയിടിക്കൽ പറമ്പ് തുടങ്ങിയ ഭാഗങ്ങളിൽ ബുധനാഴ്ച പുലർച്ചയോടെ പുഴത്തീരം ഇടിഞ്ഞു.
നാല് തെങ്ങുകളും ഒരു മാവും നിരവധി കുലച്ച വാഴകളും പുഴയെടുത്തു. ഈ ഭാഗങ്ങളിൽ 20 മീറ്ററോളം വീതിയിൽ പുറമ്പോക്ക് ഭൂമി ഉണ്ടായിരുന്നു. അവയെല്ലാം പതിയെ പതിയെ പുഴയെടുത്തു. ഇപ്പോൾ സ്വകാര്യ വ്യക്തികളുടെ ഭൂമികളും പുഴയെടുക്കുകയാണ്.
കാനാങ്കോട്ട് അബ്ദുൾ ഹമീദിൻ്റെ ഭൂമിയുടെ 5 മീറ്ററോളം പുഴയിലേക്ക് താഴ്ന്നു പോയി. ഇവരുടെ പറമ്പിലും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇടിച്ചിൽ തുടർന്നാൽ പുഴയിൽ നിന്നും 20 മീറ്ററോളം അകലത്തിലുള്ള 2 വീടുകൾക്കും വലിയ ഭീഷണിയാകും. സമീപത്തെ പറമ്പിൻ്റെ ഭാഗവും ആനയിടിക്കൽ പറമ്പിൻ്റെ ചുറ്റുമതിലിനോട് ചേർന്ന ഭാഗവും പുഴ കവർന്നിട്ടുണ്ട്.
ബുധനാഴ്ച രാവിലെ വലിയ ശബ്ദത്തോടെയാണ് പറമ്പ് ഇടിഞ്ഞ് പുഴയിൽ പതിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. അറപ്പുഴയിൽ ദേശീയ പാതയിൽ പുതിയ പാലത്തിൻ്റെ നിർമ്മാണത്തെ തുടർന്ന് പുഴയിലെ കുത്തൊഴുക്കിൻ്റെ ഗതി മാറിയതാണ് ഈ ഭാഗത്തെ കരയിടിച്ചിലിന് കാരണം എന്ന് വീട്ടുകാർ അഭിപ്രായപ്പെട്ടു.
ഈ ഭാഗത്ത് ഇപ്പോഴാണ് ഈ വിധം കര ഇടിച്ചിൽ തുടങ്ങിയതെന്ന് 80 വർഷത്തിലേറെ കാലമായി ഇവിടെ താമസിച്ചു വരുന്ന അബ്ദുൾ ഹമീദിൻ്റ കുടുംബം പറഞ്ഞു. പുഴ തീരം അടിയന്തിരമായി കെട്ടി സംരക്ഷിക്കാനുള്ള നടപടികൾ ആവശ്യപ്പെട്ട് പ്രദേശത്തെ കുടുംബങ്ങൾ അധികൃതരെ സമീപിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ