പന്തീരങ്കാവ്
26 ജൂലൈ 2025
ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾ പന്തീരങ്കാവ് പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു.
ഭിന്നശേഷി കുട്ടികളുടെ കൂട്ടായ്മയായ പരിവാർ ആണ് കുട്ടികൾക്ക് പോലീസ് സ്റ്റേഷൻ കാണുവാനും പൊലീസുകാരുമായി സംസാരിക്കാനും അവസരം ഒരുക്കിയത്.
രാവിലെ 11 മണിയോടെ പൊലീസ് സ്റ്റേഷനിൽ എത്തിയ 50 ഓളം ഭിന്നശേഷി കുട്ടികളെയും അവരുടെ രക്ഷകർത്താക്കളെയും പന്തീരങ്കാവ് ഇൻസ്പക്ടർ കെ.ഷാജുവും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് മിഠായിയും ബലൂണുകളും നൽകി സ്വീകരിച്ചു.
ഇൻസ്പക്ടർ കെ.ഷാജു കുട്ടികളുമായി സംസാരിച്ചു. കുട്ടികൾ പൊലീസിൻ്റെ തൊപ്പി ആവശ്യപ്പെട്ടതും ഞങ്ങളെയും പൊലീസിൽ എടുക്കണമെന്ന് ആവശ്യപ്പെട്ടതും കൗതുകമായി.
പൊലീസ് സ്റ്റേഷനിൽ കയറി ലോക്കപ്പു കാണാനും കുട്ടികൾക്ക് അവസരം നൽകി. ചിലർക്ക് പൊലീസിൻ്റെ തോക്കിലായിരുന്നു കണ്ണ്.
തുടർന്ന് ചായ സൽകാരത്തിന് ശേഷം കുട്ടികൾ പൊലീസിനൊപ്പം ചേർന്ന് പാട്ടുപാടി. ഭിന്നശേഷി കട്ടികളുടെ സന്ദർശനം ഹൃദയം തൊട്ട അനുഭവായി എന്ന് പന്തീരങ്കാവ് ഇൻസ്പക്ടർ പറഞ്ഞു.
പൊലീസിനെ ഇനി പേടിയില്ലെന്ന് പറഞ്ഞ കുട്ടികൾ ഉദ്യോഗസ്ഥർക്കൊപ്പം സെൽഫിയുമെടുത്താണ് മടങ്ങിയത്.
പരിവാർ ഒളവണ്ണ പഞ്ചായത്ത് യൂണിറ്റ് പ്രസിഡണ്ട് മുനീറ, സെക്രട്ടറി കവിത, ജോയൻ്റ് സെക്രട്ടറി അബ്ദുൾ റസാക്ക്, ട്രഷറർ റസിയ തുടങ്ങിയവർ കുട്ടികളുടെ പൊലിസ് സ്റ്റേഷൻ സന്ദർശനത്തിന് നേതൃത്വം നൽകി.
പൊലീസ്സ് സ്റ്റേഷൻ സന്ദർശനം ഹൃദ്യമായ അനുഭവമായെന്ന് കുട്ടികളും രക്ഷകർത്താക്കളും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ