Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
28 ജൂലൈ 2025

ദേശീയ പാതയുടെ സർവ്വീസ് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ നിർമ്മാണ കമ്പനി. പന്തീരങ്കാവ് ഭാഗത്തു നിന്നും കോഴിക്കോട്‌ ഭാഗത്തേക്ക് പോകുമ്പോൾ മെട്രോ ആശുപത്രി പിന്നിട്ടശേഷം സർവ്വീസ് റോഡിലേക്ക് പ്രവേശിക്കുന്നിടത്താണ് വലിയ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. മഴയിൽ വെള്ളം നിറഞ്ഞ് നിൽക്കുന്ന ഈ ഗർത്തത്തിലേക്ക് വാഹനങ്ങൾ മൂക്കുകുത്തുന്നത് പതിവാണ്. അടിഭാഗം തട്ടി നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി. അപകടത്തിൽ പെട്ട ഇരുചക്രവാഹനങ്ങളും നിരവധി.
ഈ ഭാഗത്ത് ഹൈലൈറ്റിനോട് ചേർന്നുള്ള സർവ്വീസ് റേഡിൻ്റെ ഭാഗത്തെ മണ്ണിടിച്ചിൽ തടയാൻ പ്രധാന പാതയുടെ പകുതി ഭാഗം വരെയും ഉപയോഗിച്ച് നിർമ്മാണം നടത്തിയിട്ടുണ്ട്. അതു കൊണ്ട് സർവ്വീസ് റോഡിലേക്ക് ഇറങ്ങാനുള്ള സ്ഥലം സ്ഥലപരിചയം ഇല്ലാത്തവർക്ക് കാണാൻ തന്നെ കഴിയാത്ത അവസ്ഥയാണ്. അതിനൊപ്പമാണ് കൂനിൻമേൽ കുരുപോലെ വലിയ ഗർത്തവും.
ഫ്ലൈഓവർ ആരംഭിക്കുന്ന സ്ഥലത്ത് തന്നെയാണ് സർവ്വീസ് റോഡിലേക്കുള്ള പ്രവേശനവും. പാലാഴിയിലേക്കും ഹൈലൈറ്റിലേക്കും മറ്റ് സമീപപ്രദേശങ്ങളിലേക്കുമുള്ള നിരവധി വാഹനങ്ങളാണ് ഈ അപകട വഴി കടക്കേണ്ടി വരുന്നത്. ഈ ഗർത്തം യാത്രക്കാരുടെ ജീവനെടുക്കാൻ കാത്തു നിൽക്കുകയാണോ നിർമ്മാണ കമ്പനി എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

മലാപ്പറമ്പിൽ ഒരാൾ വെള്ളക്കെട്ടിൽ വീണ് മരിച്ചപ്പോഴും സുരക്ഷാ കാര്യങ്ങളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന
വാദം ഉയർത്തിയവരാണ് കെ എം സി കമ്പനി എന്നതും ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. 

Post a Comment